ജിദ്ദ: നാൽപത്തി രണ്ട് രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന ജിദ്ദ പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന് ഡിസംബർ 13 ബുധനാഴ്ച ദക്ഷിണ അബൂറിൽ തുടക്കമാവും.

ജിദ്ദ ഗവർണർ മിഷാൽ ബിൻ മാജിദിന്റെയും, സാംസ്കാരിക, ഇൻഫർമേഷൻ വകുപ്പ് മന്ത്രി അവാദ് അൽ അവാദിന്റെയും സാന്നിധ്യത്തിൽ മക്ക ഗവർണർ പ്രിൻസ് ഖാലിദ് ബിൻ ഫൈസൽ അൽ സൗദ് പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയിൽ വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും, വെള്ളിയാഴ്‌ചകളിൽ വൈകീട്ട് 4 മണിമുതൽ രാത്രി 12 മണി വരെയുമായിരിക്കും മേളയിലേക്കുള്ള പ്രവേശനം.

ഈയിടെ തന്റെ 93-ാം വയസ്സിൽ അന്തരിച്ച സൗദി അറേബ്യയുടെ ദേശീയ ഗാന രചയിതാവ് ഇബ്രാഹിം അൽ ഖഫാജിയെ മരണാന്തര ബഹുമതി നൽകിയും, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം നില നിർത്തുന്നതിന് മികച്ച സംഭാവനകൾ നൽകിയ അഹമ്മദ് അൽ ദബൈബ്, അബ്ബാസ് താഷ്‌ക്കണ്ടി, യഹ്യ ബിൻ ജുനൈദ് അബ്ദുറഹ്മാൻ അൽ മുഅമ്മർ, ഹുദാ അൽ അമൂദ്‌, ഖാലിദ് അൽ യൂസഫ്‌ തുടങ്ങിയ കവികളെയും, എഴുത്തുകാരെയും ബുദ്ധിജീവികളെയും ഉദ്ഘാടന ചടങ്ങിൽ ഖാലിദ് ബിൻ ഫൈസൽ രാജകുമാരൻ ആദരിക്കും.

പുസ്തക മേളയുടെ സാംസ്കാരിക സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ, സെമിനാറുകൾ, ആർട്ട് എക്സിബിഷനുകൾ, എഴുത്തുകാർക്കായുള്ള വർക്‌ഷോപ്പുകൾ, കവിയരങ്ങുകൾ സംഗീതക്കച്ചേരികൾ ഡോക്യുമെന്ററി സിനിമാ പ്രദർശനങ്ങൾ, നാടൻ കലാ പ്രകടനകൾ തുടങ്ങി അൻപതോളം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ മേളയോടനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.

വാർത്ത: നാസർ കാരക്കുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ