ജിദ്ദ: പുതുതായി നിർമ്മിച്ച ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം ചൊവ്വാഴ്‌ച പുലർച്ചെ മുതൽ ഭാഗികമായി തുറന്ന് പ്രവർത്തനമാരംഭിച്ചു. സൗദിയിലെ വടക്കൻ അതിർത്തി നഗരമായ ക്വോറിയാത്തതിലേക്കുള്ള സൗദി എയർലൈൻസിന്റെ SV 1291 നമ്പർ വിമാനമാണ് ചൊവ്വാഴ്‌ച പുലർച്ചെ 5:15 ന് 133 യാത്രക്കാരെയും വഹിച്ചു കൊണ്ട് ആദ്യമായി പുതിയ എയർപോർട്ടിൽ നിന്നും പറന്നുയർന്നത്.

7:10 ന് ക്വറിയാത്തതിൽ എത്തിയ വിമാനം 9:45നു 142 യാത്രക്കാരുമായി ഇതേ വിമാനത്താവളത്തിൽ തിരിച്ചെത്തി. പുതിയ എയർപോർട്ടിൽ ആദ്യമായി വന്നിറങ്ങിയ യാത്രക്കാരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകിയാണ് വിമാനത്താവളത്തിലെ ജീവനക്കാർ വരവേറ്റത്‌. തുടക്കത്തിൽ രണ്ട് ആഭ്യന്തര സർവ്വീസുകൾ മാത്രമാണ് പുതിയ എയർപോർട്ടിൽ നിന്നും നടത്തുക. പിന്നീട് ക്രമേണ സർവ്വീസുകളുടെ എണ്ണം ഉയർത്തുമെന്ന് സൗദി എയർലൈൻസ് വക്താവ് അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ പ്രവർത്തനമാരംഭിച്ച എയർപോർട്ടിൽ ആറു ഗേറ്റുകളാണ് ആഗമനത്തിനും, നിർഗമനത്തിനുമായി തുറന്നത്. നാലു ഘട്ടങ്ങളായാണ് വിമാനത്താവളത്തിൽ സർവ്വീസുകളുടെ എണ്ണം കൂട്ടുക. ഡിസംബറിൽ മൂന്നാം ഘട്ടം പൂർത്തിയാവുന്നതോടെ ആഭ്യന്തര സർവ്വീസുകൾ മുഴുവൻ പുതിയ എയർപോർട്ടിലേക്ക് മാറും. 2019 ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം ഘട്ടത്തിൽ മാത്രമേ രാജ്യാന്തര സർവ്വീസുകൾ ആരംഭിക്കുകയുള്ളൂ. അപ്പോഴേക്കും ഗെയ്റ്റുകളുടെ എണ്ണം 46 ആവും.

എട്ട് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനൽ കോംപ്ലക്സിൽ യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കുന്നത്തിനായി 220 കൗണ്ടറുകളും 80 സെൽഫ് സർവ്വീസ് കൗണ്ടറുകളുമാണുണ്ടാവുക. 120 മുറികൾ ഉള്ള ഹോട്ടൽ ട്രാൻസിറ്റ് യാത്രക്കാർക്കായി എയർപോർട്ടിൽ ഉണ്ടാവും. 749 കാറുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന മൾട്ടി സ്റ്റോറി പാർക്കിങുമുണ്ടാവും. പുതിയ എയർപോർട്ടിനോടനുബന്ധമായി ഹറമൈൻ റെയിൽവേ സ്റ്റേഷനും ഉണ്ട്.

വാർത്ത: നാസർ കാരക്കുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook