ജിദ്ദ: മൂന്നാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകോത്സവം ദക്ഷിണ അബ്ഹൂറിൽ മക്ക ഗവർണറും, സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് ബിൻ ഫൈസൽ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഗവർണർ മിഷാൽ ബിൻ മാജിദ്, മക്ക ഡപ്യൂട്ടി ഗവർണ്ണർ അബ്ദുള്ള ബിൻ ബന്ദർ, സാംസ്കാരിക, ഇൻഫർമേഷൻ വകുപ്പ് മന്ത്രി അവ്വാദ് അൽ അവ്വാദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുസ്തക മേളയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഈയിടെ തന്റെ 93-ാമത് വയസ്സിൽ അന്തരിച്ച പ്രഗത്ഭ അറബ് കവിയും, സൗദി അറേബ്യയുടെ ദേശീയ ഗാന രചയിതാവുമായിരുന്ന ഇബ്രാഹിം ഖഫ്ജിയെ മരണാനന്തര ബഹുമതി നൽകി ആദരിച്ചു. ഇബ്രാഹിം ഖഫ്ജിയുടെ മകൻ മുഹമ്മദ് വാജിദാണ് മക്ക ഗവർണ്ണറിൽ നിന്നും ബഹുമതി പത്രം ഏറ്റുവാങ്ങിയത്.

സൗദിയിലെ സാഹിത്യ, സാംസ്കാരിക, പ്രസാധക രംഗത്തെ പ്രമുഖരായ അഹമ്മദ് അൽ ദബീബ്, ഡോ. അബ്ബാസ് താഷ്കണ്ടി, യഹ്യബിൻ ജുനൈദ്, അബ്ദുൽ റഹ്‌മാൻ അൽ മുഅമ്മർ, ഹുദാ അൽ അമൂദി, ഖാലിദ് അൽ യൂസഫ് എന്നിവരെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.

നാല്പത്തി രണ്ട് രാജ്യങ്ങളിൽ നിന്നായി നിരവധി പ്രസാധകർ ഈ വർഷത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നതായി സാംസ്കാരിക മന്ത്രി അവ്വാദ് അൽ അവ്വാദ് പറഞ്ഞു. രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും സാംസ്കാരിക, സാഹിത്യ രംഗത്തോടുള്ള താല്പര്യമാണ് ഇത്രയും ബൃഹത്തായ രീതിയിൽ പുസ്തകമേള സംഘടിപ്പിക്കുന്നതിന് പിന്നിലെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.

ചൈന, ജപ്പാൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആയിരിക്കും ഈ വർഷത്തെ പുസ്തകമേളയുടെ പ്രധാന ആകർഷണം. ഇവ കൂടാതെ പ്രഭാഷണങ്ങൾ, സെമിനാറുകൾ, ആർട്ട് എക്സിബിഷനുകൾ, എഴുത്തുകാർക്കായുള്ള വർക്ക് ഷോപ്പുകൾ, കവിയരങ്ങുകൾ സംഗീതക്കച്ചെരികൾ ഡോക്യുമെന്ററി സിനിമാ പ്രദർശനങ്ങൾ, നാടൻ കലാ പ്രകടനകൾ തുടങ്ങി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മേളയോടനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.

വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും വെള്ളിയാഴ്ചകളിൽ വൈകീട്ട് മുതൽ പാതിരാത്രി വരെയും മേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook