ജിദ്ദ: ഗള്‍ഫ് പ്രവാസം വലിയ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ 500 കോടിയുടെ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാരിന് സോഷ്യല്‍ ഫോറം നിവേദനമയക്കും. പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതികളോ നവീന ആശയങ്ങളോ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ നിരാശാജനകമാണ്. പല അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാത്ത കേരള ബജറ്റ് പ്രവാസി ക്ഷേമത്തിന് നീക്കിവച്ച തുക തീര്‍ത്തും അപര്യാപ്തമാണ്.

സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും കുടുംബങ്ങളടക്കം നിരവധി പേര്‍ തിരിച്ചുവരുന്ന വര്‍ഷമാണിത്. ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജോലിസാധ്യതകള്‍ മങ്ങിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനും വേണ്ടി വകയിരുത്തിയ 17 കോടി തീര്‍ത്തും അപര്യാപ്തമാണ്.

ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ 50 ശതമാനം പോലും നടപ്പാക്കാന്‍ മുന്‍ വര്‍ഷങ്ങളില്‍ സാധിച്ചിട്ടില്ല. കോടികളുടെ വാഗ്‌ദാനങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്. ജീവിതച്ചെലവ് വര്‍ധിക്കാന്‍ പ്രധാന കാരണമായ ഇന്ധന വില കുറയ്ക്കുന്നതിന് ഇരു ബജറ്റുകളും പരിഗണന നല്‍കിയില്ല. എല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരും കിഫ്ബിയിലൂടെ പലിശക്കടം കൊണ്ട് മാത്രം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരും നാടിനെ പാപ്പരാക്കി കൊണ്ടിരിക്കുകയാണെന്നും ഫോറം വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook