ജിദ്ദ: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാസ്‌പോർട്ടിൽ സംഭവിച്ച പിശകുകളും മറ്റും പരിഹരിക്കുന്നതിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺഫോറം സംഘടിപ്പിക്കുന്നു. പാസ്‌പോർട്ടിൽ പിഴവുകൾ കാരണം കാലാവധി കഴിഞ്ഞിട്ടും പാസ്പോർട്ട് പുതുക്കാൻ കഴിയാതെ പ്രയാസം നേരിടുന്ന പ്രവാസികളെ സഹായിക്കുന്നതിനായാണ് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നതെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂഹ് റഹ്‌മാൻ ശൈഖ് അറിയിച്ചു.
പാസ്‌പോർട്ട് സംബന്ധിച്ച് ഇന്ത്യക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങളെ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കോൺസുൽ ജനറലുമായി ഒഐസിസി ജിദ്ദ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നാട്ടിൽ നിന്ന് അന്വേഷണ റിപ്പോട്ട് വരാൻ വൈകുന്നത് കാരണം കുറഞ്ഞ കാലത്തേക്കാണ് പലർക്കും ഇപ്പോൾ പാസ്‌പോർട്ട് പുതുക്കി നൽകുന്നത്. എന്നാൽ ഇത് വലിയ പ്രയാസങ്ങളും സാമ്പത്തിക ബാധ്യതയും വരുത്തുന്നതായി സംഘം കോൺസൽ ജനറലിനെ അറിയിച്ചു. സാമൂഹ്യ പ്രവർത്തകരെയും പ്രവാസി സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് കോൺസുലേറ്റ് അങ്കണത്തിൽ വാരാന്ത്യ അവധി ദിനങ്ങളിലായിരിക്കും ഓപ്പൺ ഫോറം സംഘടിപ്പിക്കുക.
കോൺസൽ അനന്തകുമാർ,വെൽഫെയർ കോൺസൽ മോയിൻ അക്തർ, പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ ആസിഫ് എന്നിവരും കോൺസൽ ജനറലിനോപ്പം ചർച്ചയിലുണ്ടായിരുന്നു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജന:സെക്രട്ടറി ശരീഫ് കുഞ്ഞ്, റീജണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ.മുനീർ, സാക്കിർ ഹുസൈൻ എടവണ്ണ, അബ്ബാസ് ചെമ്പൻ, അലി തേക്ക് തോട് എന്നിവരാണ് കോൺസൽ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.