/indian-express-malayalam/media/media_files/uploads/2019/01/theatre.jpg)
ജിദ്ദ: സൗദി അറേബ്യയിലെ പൗരാണിക തുറമുഖ നഗരമായ ജിദ്ദയിലെ ആദ്യ സിനിമ തിയേറ്റർ നാളെ തുറക്കും. ജനുവരി 28 തിങ്കളാഴ്ച വൈകീട്ട് 6.30 മുതൽ തിയേറ്റർ തുറന്ന് പ്രദർശനമാരംഭിക്കും. കിങ് അബ്ദുൽ അസീസ് റോഡിൽ അബ്ഹൂറിനടുത്തുള്ള റെഡ് സീ മാളിലാണ് ജിദ്ദയിലെ ആദ്യ തിയേറ്റർ തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള വോക്സ് സിനിമാസ് ആണ് റെഡ് സീ മാളിൽ തിയേറ്റർ തുറക്കുന്നത്.
സൗദി അറേബ്യയിൽ മൂന്നര പതിറ്റാണ്ട് നീണ്ട വിലക്കിന് ശേഷം 2018 ഏപ്രിൽ 18 നാണ് തലസ്ഥാന നഗരമായ റിയാദിൽ ആദ്യ തിയേറ്റർ തുറന്നത്. ജിദ്ദ നഗരത്തിൽ ഈ വർഷം തന്നെ നാല് മാളുകളിൽ കൂടി തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കാനാണ് വോക്‌സ് സിനിമാസ് പദ്ധതിയിട്ടിരിക്കുന്നത്. റെഡ് സീ മാളിന് പുറമെ അന്ദലൂസ് മാൾ, അവന്യു മാൾ, അബ്ഹൂർ മാൾ, അൽ മസ്‌റ കൊമേഴ്‌സ്യൽ കോംപ്ളെക്സ് എന്നിവിടങ്ങളിലാണ് ഈ വർഷം തന്നെ തിയേറ്ററുകൾ തുറക്കാൻ പദ്ധതിയുള്ളത്.
സൗദി അറേബ്യയിൽ ആകമാനം അടുത്ത 5 വർഷത്തിനുള്ളിൽ 6 ബില്യൻ സൗദി റിയാൽ മുതൽ മുടക്കിൽ 600 സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വോക്‌സ് സിനിമാസ്. വാരാന്ത്യങ്ങളും, ഒഴിവുവേളകളും ചിലവഴിക്കാൻ പുതിയ ഒരു വിനോദ മാർഗ്ഗം കൂടി തുറന്നു കിട്ടുന്നതിന്റെ ആവേശത്തിലാണ് സ്വദേശികളും, പ്രവാസികളുമടക്കമുള്ള ജിദ്ദക്കാർ.
വാർത്ത: നാസർ കാരക്കുന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.