റിയാദ്: നാലു മാസം മുന്‍പ് റിയാദില്‍ കാണാതാകുകയും പിന്നീട് കഴിഞ്ഞ ദിവസം ശുമേഷി ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തുകയും ചെയ്ത പയ്യന്നൂര്‍ സ്വദേശി ജയേഷിന്‍റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ചത്തെ ഇത്തിഹാദ് എയര്‍വേയ്സിലാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്.

കഴിഞ്ഞ ജുണ്‍ 23 മുതല്‍ നസ്സീമിലെ താമസസ്ഥലത്തുനിന്ന് കാണാതായ ജയേഷിന്‍റെ മൃതദേഹം നാലു മാസങ്ങള്‍ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു മാത്രമാണ് ശുമേഷി ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. ജയേഷിനെ കാണാതായതിനെ തുടര്‍ന്ന് കമ്പനി സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന് വിവരം നല്‍കി ഒളിച്ചോടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഹുറൂബാക്കിയതിനാല്‍ നിരവധി നിയമക്കുരുക്കുകള്‍ അഴിച്ചാണ് മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ കിഷോര്‍-ഇ-നിസ്സാം, കണ്‍വീനര്‍ ബാബുരാജ്, മഹേഷ് കൊടിയത്ത്, ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ എംബസിയുടെയും പൊലീസ് വകുപ്പിന്‍റേയും ജയേഷ് ജോലി ചെയ്തിരുന്ന കമ്പനിയുടെയും സഹായത്തോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തൊഴിലുടമയാണ് ചെലവുകളെല്ലാം വഹിച്ചത്. ജയേഷിന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇസ്ഹാഖിന്‍റെ സഹായത്താല്‍ കമ്പനിയുടെ ഭാഗത്തുനിന്നും പൂർണ സഹകരണം ലഭിച്ചതിനാലാണ് വളരെ വേഗം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലയക്കാന്‍ കഴിഞ്ഞതെന്ന് കേളി ജീവകാരുണ്യ വിഭാഗം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ