റിയാദ്: “താൽ ഷൂഫ് മൂ-ലാസിം തിശ്തരി അബിയ കല്ലമ്മക് ഷോയ്” (വരൂ വാങ്ങണമെന്നില്ല കണ്ടിട്ട് പോകൂ. ഞാനൊന്ന് പറയട്ടെ) സൗദി ദേശീയ ഉത്സവം കാണാൻ ജനാദ്രിയയിലെ ഉത്സവ നഗരിയിലൂടെ നടക്കുമ്പോഴാണ് പിന്നിൽ നിന്ന് ആ ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ മുതിർന്ന സൗദി പൗരൻ. അടുത്തേക്ക് ചെല്ലാതിരിക്കാനായില്ല, അത്രമേൽ ആകർഷകത്വം നിറഞ്ഞതായിരുന്നു ആ പിൻവിളി. ചെന്ന് കണ്ടപ്പോൾ പാരമ്പര്യ കരകൗശലത്തിൽ മെനഞ്ഞ ദാരുശിൽപങ്ങളാണ്. നമ്പാല (പക്ഷികളെ വേട്ടയാടനുപയോഗിക്കുന്ന അമ്പ്), അക്കാസ് (സൗദികൾ ഉപയോഗിക്കുന്ന പ്രതേക തരം ഊന്നുവടി), മുൽകദ് (ഉരൽ), മൽഅക (ചട്ടുകം), ഫാസ് (മഴുവിന്റെ പിടി) തുടങ്ങി അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും കരവിരുതിൽ തീർത്ത നിരവധി മര ഉപകരണങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.  അതെല്ലാം കണ്ട് പരിചയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം.

എന്തായാലും ആ കലാകാരനെ വിസ്തരിച്ചൊന്ന് പരിചയപ്പെടാമെന്നായി മനസ്സിൽ. 1300 കിലോമീറ്റർ അകലെ നിന്നാണ് അബ്ദുള്ള മുബാറക് അൽ ഫാഹിസ് അൽ സഹ്‌റാനി എന്ന ആ പാരമ്പര്യ കലാ സൂക്ഷിപ്പുകാരൻ എത്തിയിരിക്കുന്നത്. പുരാതന അറേബ്യ പുനർജനിക്കുന്ന പൈതൃകോത്സവത്തിൽ ഇത് മുപ്പതാം തവണയാണ് അബ്ദുള്ളയുടെ സാന്നിധ്യം. വാടകയും മറ്റ് ദൈന ദിന ചിലവുകളും നോക്കിയാൽ നഷ്‌ടത്തിന്റെ ബാലൻസ് ഷീറ്റാണ് ബാക്കിയാവുക. എങ്കിലും പതിവ് മുടക്കാൻ കാരണവർ തയാറല്ല. ഉൽപന്നങ്ങൾ വിറ്റു കിട്ടുന്ന സാമ്പത്തികലാഭത്തിലല്ല കണ്ണ്. അറേബ്യൻ പൗരാണികതയുടെ ജീവിത ശൈലിയും, ഉപകരണങ്ങളും പുതു തലമുറയെ പരിചയപ്പെത്തുക. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മുടങ്ങാതെ ഉത്സവത്തിൽ പങ്കെടുക്കുന്ന അബ്ദുല്ലയുടെ കരവിരുത് കാണാനും വാങ്ങാനും സന്ദർശകരുടെ തിരക്കനുഭവപ്പെടാറുണ്ടെന്ന് അവിടെ കണ്ട സന്ദർശകരിൽ ചിലർ പറഞ്ഞു.

ദക്ഷിണ സൗദി അറേബ്യയിലെ അൽ-ബാഹ പട്ടണത്തിൽ ഇത്തരം ഉൽപന്നങ്ങളുടെ നിർമ്മാണ ശാലയുടെ ഉടമസ്ഥനാണ്‌ ഇദ്ദേഹം. സൗദി, സുഡാൻ പൗരന്മാരാണ് നിർമാണത്തിന് സഹായത്തിനായി കൂടെയുള്ളത്. തൽഹ, ഹറം, ഷിദ്റ എന്നീ മരങ്ങളാണ് അദ്ദേഹത്തിന്റെ കരകൗശല ചാതുര്യത്താൽ പല രൂപങ്ങളായി മാറുന്നത്. തന്റെ പട്ടണത്തിൽ ഇത്തരം വസ്തുക്കൾ നിർമിക്കുന്ന ധാരാളം ഫാക്ടറികൾ ഉണ്ടായിരുന്നു. എന്നാൽ ആധുനിക ഉത്പന്നങ്ങളുടെ തള്ളിക്കയറ്റവും ജീവിത രീതിയിലുണ്ടായ വലിയ മാറ്റവും വിപണിയെ തളർത്തി. മുന്നോട്ട് പോകാൻ കഴിയാതെ പലരും ഫാക്ടറികൾ അടച്ചു പൂട്ടി. ഇങ്ങനെയാണെങ്കിലും എന്റെ പണിപ്പുര ഇന്നും സജീവമാണെന്ന് അബ്ദുള്ള പറയുന്നു. ആരോഗ്യമുള്ള കാലത്തോളം ഇതുമായി മുന്നോട്ട് പോകുമെന്നും തനിക്ക് ശേഷം ഈ ദൗത്യവുമായി തന്റെ മക്കൾ മേളയിൽ പകരക്കാരായി ഉണ്ടാകുമെന്നും അൽ -ബാഹയിലെ ഫലത്താഹുല ഗ്രാമവാസിയായ ഈ എൺപതുകാരൻ പറഞ്ഞു.

വാർത്ത: നൗഫല്‍ പാലക്കാടന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ