റിയാദ്: പുരാതന അറേബ്യ പുനർജനിക്കുന്ന സൗദി അറേബ്യയുടെ മുപ്പത്തിയൊന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവം കാണാൻ കൊടും തണുപ്പ് അവഗണിച്ച് സ്വദേശികളും വിദേശികളുമുൾപ്പടെ ആബാലവൃദ്ധം ജനങ്ങളാണ് ജനാദ്രിയയിലേക്കൊഴുകുന്നത്‌. സൗദി അറേബ്യയുടെ മറ്റ് പ്രവിശ്യകളിൽ നിന്നും കൂടാതെ ജിസിസിയുൾപ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമാണ് സന്ദർശകർ കൂടുതൽ എത്തുന്നത്. പ്രതിദിനം രണ്ടരലക്ഷത്തോളം ആളുകളാണ് മേള കാണാനെത്തുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടറേറ്റ് സൂചിപ്പിച്ചു.
jana2

വാരാന്ത്യ ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെയും നാഷണൽ ഗാർഡും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുന്നത്. സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരുമുണ്ട്. വാഹനങ്ങളുടെ പോക്കുവരവ് പാർക്കിങ് എന്നിവ നിയന്ത്രിക്കുന്നതിന് റിയാദ് ട്രാഫിക് മേധാവിയുടെ കീഴിൽ വൻ സംഘം തന്നെ സ്ഥലത്തുണ്ട്.
jana3

പരമ്പരാഗത അറേബ്യൻ ചന്തകൾ, കരവിരുതുകളുടെ പ്രദർശനം, കവിയരങ്ങുകൾ, നാടൻ പാട്ടുകൾ, പരമ്പരാഗത നൃത്തങ്ങൾ, കൃഷിയിടങ്ങളുടെ പുനർ നിർമിതി തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണമാണ്. ഈ വർഷത്തെ അതിഥി രാജ്യമായ ഈജിപ്തിന്റെ പവലിയൻ സന്ദർശിക്കാനാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്. അസീർ പ്രവിശ്യയിൽ നിന്നെത്തിയവരുടെ പരമ്പരാഗത കലകൾ ആസ്വദിക്കാനും, തേനും കരകൗശല വസ്തുക്കളും കാണാനും, വില കൊടുത്ത് വാങ്ങുന്നതിനുമാണ് സ്വദേശികളായ മധ്യവയസ്കരും, പ്രായം ചെന്നവരും കൂടുതൽ ആകർഷിക്കപ്പെടുന്നത്. ഈ മാസം പതിനേഴിനാണ്‌ ഉത്സവം അവസാനിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും നഗരിക്കുള്ളിലേക്ക് പ്രവേശനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

വാർത്ത: നൗഫല്‍ പാലക്കാടന്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ