റിയാദ്: മുപ്പത്തി മൂന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവം ഈ മാസം ഇരുപതിന് കൊടിയേറും. ഇന്തോനേഷ്യയാണ് ഇത്തവണ അതിഥി രാജ്യം. സൗദി അറേബ്യയിലെ നഗരങ്ങളും ഗ്രാമങ്ങളും ഉൾപ്പടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന വൈവിധ്യങ്ങളും വൈജാത്യങ്ങളും ഒന്നിച്ച് പാർക്കുന്ന ദിവസങ്ങളാണ് ജനാദ്രിയ ഉത്സവം. സൗദി അറേബ്യയുടെ പൈതൃകവും സംസ്കാരവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

ഉത്സവം കാണാനും പങ്കാളികളാകാനും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും സ്വദേശികളും വിദേശികളും കുടുംബത്തോടെയെത്തും. കൂടാതെ ജിസിസിയുൾപ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും സന്ദർശകരുണ്ടാകും. ഉത്സവ നഗരിയിൽ ഇന്തോനേഷ്യക്ക് പ്രത്യേക പവലിയനുണ്ടാകും. ഇന്തോനേഷ്യയുടെ തനത് കലാ രൂപങ്ങളും ഭക്ഷണ സംസ്കാരവും വാണിജ്യ-വിനോദ സഞ്ചാര നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്താൻ ഉത്സവം വേദിയാകും.

ഇന്ത്യയായിരുന്നു കഴിഞ്ഞ വർഷത്തെ അതിഥി രാജ്യം. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുൾപ്പെടെ ഉന്നതതല സംഘം കഴിഞ്ഞ വർഷം മേളക്കെത്തിയിരുന്നു. പരമ്പരാഗത അറേബ്യൻ ചന്തകൾ, കരവിരുതുകളുടെ പ്രദർശനം, കവിയരങ്ങുകൾ, നാടൻ പാട്ടുകൾ, പരമ്പരാഗത നൃത്തങ്ങൾ, കൃഷിയിടങ്ങളുടെ പുനർ നിർമ്മിതി തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണം.

ഡിസംബർ 20 ന് വ്യാഴാഴ്ച ആരംഭിക്കുന്ന ഉത്സവത്തിന് ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പൊലീസിന്റെയും നാഷണൽ ഗാർഡിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുക. സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരുമുണ്ടാകും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook