Latest News

ജനാദ്രിയ ഉത്സവ സമയത്തിൽ മാറ്റം; ഉദ്ഘാടന ചടങ്ങിൽ സുഷമ സ്വരാജ് പങ്കെടുക്കും

അതിഥി രാജ്യങ്ങൾക്കായി അനുവദിക്കുന്ന വിശാലമായ പവലിയനിൽ ഇന്ത്യയുടെ വിവിധ സ്റ്റാളുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കി

റിയാദ്: സൗദി അറേബ്യയുടെ മുപ്പത്തി രണ്ടാമത് ദേശീയ പൈതൃകോത്സവം ഫെബ്രുവരി 7 ന് രാവിലെ 11 മുതൽ ആരംഭിക്കും. മുൻ വർഷങ്ങളിൽ വൈകീട്ട് നാല് മണി മുതലായിരുന്നു നഗരയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഈ വർഷം തുടക്കം മുതൽ അവസാനം വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെയായിരിക്കും പരിപാടികൾ നടക്കുക. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എത്തും.

അതിഥി രാജ്യങ്ങൾക്കായി അനുവദിക്കുന്ന വിശാലമായ പവലിയനിൽ ഇന്ത്യയുടെ വിവിധ സ്റ്റാളുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ അരങ്ങേറുന്ന ഉത്സവത്തിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കും. സൗദി അറേബ്യയുടെ വിവിധ ഗ്രാമങ്ങളിൽ കർഷകരും കാർഷികവിളകളും കലാ രൂപങ്ങളും പ്രദർശനത്തിനെത്തും. പുരാതന അറേബ്യ പുനർജനിക്കുന്ന ഉത്സവ നഗരിയി സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കും. അതിഥി രാജ്യമായതിനാൽ ഇത്തവണ ഇന്ത്യൻ പ്രവാസികൾ നഗരിയിലേക്ക് കൂടുതലെത്തും. വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള സംഘടനാ പ്രവർത്തകരും നേതാക്കളും ഇതിനായി വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്.

ഹാളിന്​ പുറത്ത്​ ഓപ്പൺ എയർ സ്​റ്റേജിൽ ഇന്ത്യൻ കലാരൂപങ്ങൾ എല്ലാ ദിവസവും അരങ്ങേറും. കേരളത്തിന്റെ പൈതൃകമായ കഥകളി, കളരിപ്പയറ്റ് എന്നിവയും മണിപ്പൂരി, രാജസ്ഥാനി, കഥക്​, പുർലിയ ചാവു, ഭാംഗ്ര എന്നീ കലാരൂപങ്ങളും എത്തും. പുറമെ പ്രശസ്​ത ഇന്ത്യൻ സിനിമകളുടെ പ്രദർശനവുമുണ്ടാവും. രാംപൂർ റാസ ലൈബ്രറിയിൽ നിന്നുള്ള അറബിക്​ കാലിഗ്രാഫിയിനങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സ്​കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രവാസികളുടെ കലാപരിപാടികളും പ്രദർശന സ്​റ്റാളുകളുമെല്ലാം ഇന്ത്യൻ സെഷനിൽ ഉൾപ്പെടും.

ഉത്സവത്തിന് ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പൊലീസിന്റെയും നാഷണൽ ഗാർഡിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുക. സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരുമുണ്ടാകും.

വാർത്ത: നൗഫൽ പാലക്കാടൻ

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Janadriyah festival 2018 time change inaguration sushma swaraj

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express