റിയാദ് : ജനാദ്രിയയിൽ വേദിയും സദസ്സും ആഹ്ലാദത്തിലായ ആ ദൃശ്യ വിസ്മയം കാണികൾക്ക് സമ്മാനിച്ചത് മുംബൈ പോലീസ് മുൻ മേധാവിയായ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദായിരുന്നു . എൺപതുകളിൽ രാജ്യത്താകെ അലയടിച്ച ബബ്ബാർ സുഭാഷ് സംവിധാനം ചെയ്ത ‘ഡിസ്കോ ഡാൻസർ’ എന്ന സിനിമയിലെ ‘ഐ ആം എ ഡിസ്കോ ഡാൻസർ എന്ന ബോളിവുഡ് ഹിറ്റിനൊപ്പം അംബാസഡർ ചുവട് വെച്ചപ്പോൾ സദസ്സ് അൽപനേരത്തക്കൊന്ന് നിശ്ചലമായി. പിന്നെ വേദിക്കൊപ്പം സദസ്സും കൂടി. അപ്പോൾ സമയം വൈകീട്ട് ഏഴുമണി കഴിഞ് പതിനഞ്ച് മിനുട്ട് പിന്നിട്ടിരുന്നു.
ജനാദ്രിയ ഉത്സവ നഗരി നിറഞ് കവിഞ്ഞു. കിഴക്കൻ പ്രാവശ്യകളുടെ പവലിയനിൽ നിന്ന് കേട്ട് കൊണ്ടിരുന്ന അർദ ഡാൻസിന്റെയും ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സംഗീതത്തിന്റെ ഒഴുക്കും പെട്ടന്ന് നിലച്ചു. സദസ്സിൽ നിന്ന് ആളുകൾ ചിന്നി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നീങ്ങി തുടങ്ങി. ഇശാ നമസ്കാരത്തിനായി ബാങ്ക് വിളിച്ചതിന്റെ അടയാളങ്ങളാണ് ആ കണ്ടത്. പതിവിന് വിപരീതമായി ഇന്ത്യൻ പവലിയന് മുന്നിലൊരുക്കിയ സ്റ്റേജിന് മുന്നിൽ ആളുകൾ തടിച്ച് കൂടിയിട്ടുണ്ട്. നിൽക്കുന്നിടത്ത് നിന്ന് ആരും മാറുന്നില്ല. അതിൽ സ്വദേശികളും വിദേശികളുമുണ്ട്. കുട്ടികളും മുതിർന്നവരുമുണ്ട്. എന്തിനോ വേണ്ടിയുള്ള കാത്തിരിപ്പാണ്. പ്രാർത്ഥന കഴിഞ്ഞ് സ്റ്റേജിൽ പ്രകാശം തെളിഞ്ഞു. മ്യൂസിക്കിന്റെ അകമ്പടിയോടെ ഡാൻസ് സംഘം സ്റ്റേജിലേക്ക് പ്രവേശിച്ചു. ഡാൻസർമാരെ കണ്ടതോടെ സദസ്സ് കൈകൾ മുകളിലേക്ക് ഉയർത്തി വീശി. സംഗീത വീചികൾ കാതിലെത്തിയപ്പോഴേക്കും നിലക്കാത്ത കരഘോഷമുയുർന്നു. ഇന്ത്യൻ സംഗീതത്തെ ഇളക്കി മറിച്ച ഗായകൻ വിജയ് ബെനഡികിന്റെ ശബ്ദമാണ് ഒഴുകിയത്. ബെനഡികിന്റെ മധുര സ്വരം കാറ്റിലൂടെ ഒഴുകി. കെട്ടവരെലാം ഇന്ത്യൻ പവലിയനിലേക്ക് അടുത്തു.
എൺപതുകളിൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും കാസറ്റ് കടകളിലും ബസിലും ട്രെയിനിലും മുഴങ്ങി കേട്ട ഗാനം.”ഐ ആം എ ഡിസ്കോ ഡാൻസർ” പാട്ടിനൊപ്പം നർത്തകർ ചുവടു വെച്ചു തുടങ്ങിയപ്പോഴേക്കും മറ്റു പവലിയനികളിൽ നിന്നും ജനം ഇന്ത്യൻ പാവലിയന്റെ മുറ്റത്തേക്കൊഴുകി. അതിഥികൾക്കായി വേദിക്കരികിൽ ഒരുക്കിയ ഇരിപ്പിടത്തിൽ അംബാസഡർ അഹമ്മദ് ജാവേദ്, ഡെപ്യൂട്ടി ചീഫ് മിഷൻ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസുലർ അനിൽ നോട്ടിയാൽ തുടങ്ങി ഒരു സംഘം തന്നെ ഇരിപ്പുണ്ട്. അടി പൊളി ബോളി വുഡ് മിക്സിന്റെ ഇമ്പം കാതിൽ അല തല്ലിയപ്പോൾ ഡെപ്യൂട്ടി ചീഫ് മിഷൻ ഡോ. സുഹേൽ വേദിയിലേക്ക് അടുത്തു. ഡാൻസർമാർ അദ്ദേഹത്തെ ഒപ്പം കൂട്ടി. തൊട്ടു പിന്നാലെ അംബാസഡർ ജാവേദിനേ അവർ ക്ഷണിച്ചു. മടി കൂടാതെ അദ്ദേഹം അവരോടൊപ്പം ചുവട് വെക്കാൻ തുടങ്ങി . വേദിക്കരികിലുണ്ടായിരുന്ന സ്വദേശികൾ അദ്ദേഹത്തോടെപ്പം നൃത്തം ചെയ്യാനൊരുങ്ങി. ഇതോടെ വേദിയിക്കരികിലുണ്ടായിരുന്ന എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ് സംഘവും അംബസഡർക്ക് ആവേശം നൽകി വേദിയിലെത്തി.
പഴയ മുംബൈ പോലീസിന്റെ പുതിയ പെർഫോമൻസ് മുഖം കണ്ടതോടെ സദസ്സിലുള്ളവരുടെ മട്ട് മാറി.ആവേശത്തിരയിളക്കി വേദിക്ക് താഴെ അവരും കൂടെയാടി. പലരും ഗ്രൂപ്പുകളായി തിരിഞ്ഞു ചുവട് വെച്ചു. കുട്ടികളും മുതിർന്നവരുമൊന്നും മാറി നിന്നില്ല. ആഘോഷത്തിൽ അവരെല്ലാം പങ്ക് ചേർന്നു. ജനാദ്രിയ കണ്ട ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വാരാന്ത്യത്തിൽ ഉത്സവം കാണാൻ കുടുംബങ്ങൾ എത്തിയത് സൗദിയുടെ നാനാ ഭാഗങ്ങളിലിൽ നിന്നും. ഇന്ത്യൻ പവലിയനിലെ തിരക്ക് നിയന്ത്രിക് നാഷണൽ ഗാർഡ് ഏറെ നേരം പാട് പെടേണ്ടി വന്നു. അവധി ദിവസമായതിനാൽ ഇന്നും നല്ല തിരക്കിനായിരിക്കും നഗരി സാക്ഷ്യം വഹിക്കുക.
വാർത്ത : നൗഫൽ പാലക്കാടൻ