റിയാദ്: സൗദി അറേബ്യയുടെ മുപ്പത്തി മൂന്നാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവം കാണാൻ കൊടും തണുപ്പ് അവഗണിച്ച് സ്വദേശികളും വിദേശികളുമുൾപ്പെടെ ആബാലവൃദ്ധം ജനങ്ങളാണ് ജനാദ്രിയയിലേക്കൊഴുകുന്നത്‌. ഇത്തവണ എല്ലാ ദിവസവും കുടുംബങ്ങൾക്കും ബാച്ചിലേഴ്‌സിനും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യ മൂന്ന് ദിവസം മാത്രമാണ് ബാച്ചിലേഴ്‌സിനായി അനുവദിച്ചിരുന്നത്.

വിനോദവും വിജ്ഞാനവും പകരുന്ന ധാരാളം സ്റ്റാളുകളും പരിപാടികളും നഗരിയിൽ ഒരുങ്ങിയിട്ടുണ്ട്. അതിഥി രാജ്യമായ ഇന്തോനേഷ്യക്ക് പ്രത്യേക പവലിയൻ അനുവദിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ മറ്റ് പ്രവിശ്യകളിൽ നിന്നും കൂടാതെ ജിസിസിയുൾപ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും സന്ദർശകരും പ്രദർശകരുമുണ്ട്. പ്രതിദിനം ആയിരങ്ങളാണ് മേള കാണാനെത്തുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.

ജനാദ്രിയ ഉത്സവ നഗരിയിൽ നിന്ന്

വാരാന്ത്യ ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെയും നാഷണൽ ഗാർഡും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഉത്സവം പുരോഗമിക്കുക. സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരുമുണ്ട്.

ഗതാഗത നിയന്ത്രണത്തിനും പാർക്കിങ്ങിനും റിയാദ് ട്രാഫിക് മേധാവിയുടെ കീഴിൽ വൻ സംഘം തന്നെ സ്ഥലത്തുണ്ട്. അസീർ പ്രവിശ്യയിൽ നിന്നെത്തിയവരുടെ പരമ്പരാഗത കലകൾ ആസ്വദിക്കാനും, തേനും കര കൗശല വസ്തുക്കളും കാണാനും, വില കൊടുത്ത് വാങ്ങുന്നതിനുമാണ് സ്വദേശികളായ മധ്യവയസ്കരും, പ്രായം ചെന്നവരും കൂടുതൽ എത്തുന്നത്. എല്ലാ ദിവസം രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ഉത്സവ നഗരിയിലേക്ക് പ്രവേശനം.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ