റിയാദ്: പുരാതന അറേബ്യ പുനർജനിക്കുന്ന സൗദി അറേബ്യയുടെ മുപ്പത്തി രണ്ടാമത് ദേശീയ സാംസ്കാരിക പൈതൃകോത്സവത്തിൽ ഇന്ത്യ അതിഥി രാജ്യം. സൗദിയിലെ നഗരങ്ങളും ഗ്രാമങ്ങളും ഉൾപ്പടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളും ഒന്നാകുന്ന രാപകലുകളാണ് ജനാദ്രിയ ഉത്സവം. ഇത്തവണ വിരുന്നുകാരായി ഇന്ത്യയും എത്തും.

സൗദി അറേബ്യയുടെ പൈതൃകവും സംസ്കാരവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതാകും ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം. ഉത്സവം കാണാനും പങ്കാളികളാകാനും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും കൂടാതെ ജിസിസി ഉൾപ്പടെയുള്ള മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ സന്ദർശകരെത്തുക.

ഉത്സവ നഗരിയിൽ ഇന്ത്യക്ക് പ്രത്യേക പവലിയനുണ്ടാകും. മലയാള നാടിന്റെ കലാ രൂപങ്ങളും ഭക്ഷണ സംസ്കാരവും വാണിജ്യ-വിനോദ സഞ്ചാര നിക്ഷേപ സാധ്യതകളും അറബികൾക്കിടയിൽ പരിചയപ്പെടുത്താൻ ഉത്സവം വേദിയാകും. ഈജിപ്ത് ആയിരുന്നു കഴിഞ്ഞ വർഷത്തെ അതിഥി രാജ്യം. പരമ്പരാഗത അറേബ്യൻ ചന്തകൾ, കരവിരുതുകളുടെ പ്രദർശനം, കവിയരങ്ങുകൾ, നാടൻ പാട്ടുകൾ, പരമ്പരാഗത നൃത്തങ്ങൾ, കൃഷിയിടങ്ങളുടെ പുനർ നിർമിതി തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണം.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഉത്സവത്തിന് ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പൊലീസിന്റെയും നാഷണൽ ഗാർഡിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുക. സന്ദർശകർക്ക് സഹായവും സേവനവും നൽകാൻ ഉത്സവ നഗരിക്ക് അകത്തും പുറത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഡോക്ടർമാരും, സുരക്ഷാ സേനയുടെ കീഴിൽ വഴി കാണിക്കാനും, നിർദേശങ്ങൾ നൽകാനും മാർഗ്ഗ നിർദേശകരുമുണ്ടാകും.

വാർത്ത: നൗഫൽ പാലക്കാടൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ