റിയാദ്​: സൗദി അറേബ്യയുടെ ദേശീയ പൈതൃകോത്സവമായ ജനാദ്രിയ നഗരി ഇന്ത്യയും സൗദിയും തമ്മിലുള്ള സൗഹൃദത്തിന്റെ തിളക്കം പ്രതിഫലിപ്പിക്കും. ഉഭയകക്ഷി സൗഹൃദത്തെ കൂടുതൽ ഉദാത്തമാക്കുകയാണ്​ പൈതൃകോത്സവത്തിൽ ആതിഥേയത്വം നൽകി ഇന്ത്യയെ​ ആദരിക്കുന്നതിലൂടെ സൗദി അറേബ്യ ചെയ്​തിരിക്കുന്നതെന്ന്​ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെയസിങ്​. സൗദി നാഷനൽ ഗാർഡ്​ മന്ത്രി അമീർ ഖാലിദ്​ ബിൻ അബ്​ദുൽ അസീസ്​ ബിൻ മുഹമ്മദ്​ ബിൻ അയാഫ്​ അൽമുഖ്​രിൻ അൽസൗദിനോടൊപ്പം റിയാദിൽ നടത്തിയ സംയുക്​ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാദിരിയ പൈതൃകോത്സവത്തിലെ ഇന്ത്യയുടെ പങ്കാളിത്തം സൗഹൃദത്തിന്​ പുതിയ മാനങ്ങൾ നൽകും. ബന്ധം കൂടുതൽ ഊഷ്​മളമാക്കും. അതിഥിരാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തതിന്​ സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനോടും മറ്റ്​ ഭരണാധികാരികളോടും വി.കെ.സിങ്​ കൃതജ്ഞത ​പ്രകാശിപ്പിച്ചു. ഞായറാഴ്​ച രാവിലെ നാഷനൽ ഗാർഡ്​ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചക്ക്​ ശേഷമാണ്​ ഇരുവരും വാർത്താസമ്മേളനം വിളിച്ചത്​. 32-ാമത്​ ജനാദ്രിയ പൈതൃകോത്സവ പ്രഖ്യാപനം അമീർ ഖാലിദ്​ നിർവഹിച്ചു. 1985 മുതൽ നാഷനൽ ഗാർഡ്​ മന്ത്രാലയമാണ്​ ഈ ഉത്സവവും അനുബന്ധമായി വാർഷിക ഒട്ടക ഓട്ടമത്സരവും സംഘടിപ്പിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാദ്രിയ കലാസാംസ്​കാരിക മേളയാണ്​. രാജ്യത്തി​ന്റെ പൈതൃക ഗരിമയും സാംസ്​കാരിക മുദ്രയും വിളിച്ചറിയിക്കുന്ന മേള രാജ്യത്തെ ഏറ്റവും വലിയ ജനകീയോത്സവമാണ്​. ഈ മാസം ഏഴിനാണ്​​ തുടക്കം. മുൻവർഷങ്ങളിൽ 18 ദിവസമാണ്​ മേള. ഈ വർഷവും ആദ്യം പ്രഖ്യാപിച്ചത്​ ഈ കാലയളവായിരുന്നു. സൽമാൻ രാജാവ് അത്​ മൂന്നാഴ്​ചയായി​ നീട്ടാൻ ഉത്തരവിട്ടതായും അമീർ ഖാലിദ് കൂട്ടിച്ചേർത്തു. ഈ വർഷം മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഷം കഴിയുന്തോറും കൂടിവരുന്ന സന്ദർശകരുടെ ബാഹുല്യം കണക്കിലെടുത്ത്​ രാവിലെ 11 മുതൽ രാത്രി 11വരെയായി മേളയുടെ സമയക്രമത്തിൽ വരുത്തിയ മാറ്റമാണത്​. മേളയുടെ ഉദ്​ഘാടന ചടങ്ങിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന്​ ജനറൽ വി.കെ സിങ്​ അറിയിച്ചു.

മേളയിലെ ഇന്ത്യൻ പങ്കാളിത്തം ബഹുസ്വരവും ബഹുമുഖത്വവുമാർന്നതായിരിക്കും. വിശാലമായ ഒരു ഇന്ത്യൻ പവിലിയൻ ഉത്സവ നഗരിയിൽ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ പൗരാണികവും ആധുനികവുമായ മുഖങ്ങൾ അവിടെ അനാവൃതമാകും. ഇന്ത്യൻ ഓർഡിനൻസ്​ ഫാക്​ടറീസ്​ ബോർഡ്​, ​ഐഎസ്​ആർഒ, ആയുഷ്​ മന്ത്രാലയം, ഇന്ത്യ ടൂറിസം ബോർഡ്​, ഷിപ്പിങ്​ മന്ത്രാലയം, ടെക്​സ്​റ്റൈൽ മന്ത്രാലയം, ഹാൻഡിക്രാഫ്​റ്റ്​സ്​ പ്രമോഷൻ കൗൺസിൽ, ഫുഡ്​ പ്രോസസിങ്​ ഇൻഡസ്​ട്രീസ്​ മന്ത്രാലയം, സ്​കിൽ ഡവലപ്​മെന്റ്​, ഡിജിറ്റൽ ഇന്ത്യ, മേക്ക്​ ഇൻ ഇന്ത്യ വകുപ്പുകൾ തുടങ്ങിയവ പവിലിയനിൽ പങ്കാളികളാവും. ഇന്ത്യൻ കൗൺസിൽ ഓഫ്​ കൾച്ചറൽ റിലേഷൻസി​ന്റെ (​ഐസിസിആർ) നേതൃത്വത്തിൽ ഒമ്പത്​ കലാസംഘങ്ങൾ സാംസ്​കാരിക വൈജാത്യങ്ങളുടെ വിളംബരമായി എത്തും.

കഥകളി, കളരിപ്പയറ്റ്​, കഥക്​, മണിപ്പൂരി, ചാവു, ഭാംഗ്​ര, ബോളിവുഡ്​, ഗുജറാത്തി, രാജസ്ഥാനി എന്നിവയാണത്​. 21 ദിവസവും ഈ കലാരൂപങ്ങളുടെ പ്രദർശനങ്ങളുണ്ടാവും. കൂടാതെ സൗദിയിലെ ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ത്യൻ സിനിമകളുടെ പ്രദർശനവും നടക്കും. വാർത്താസമ്മേളനത്തിൽ നാഷനൽ ഗാർഡ്​ സഹമന്ത്രിയും ദേശീയ പൈതൃകോത്സവ ഉന്നതതല സമിതി ഉപാധ്യക്ഷനുമായ അബ്​ദുൽ മുഹ്​സിൻ ബിൻ അബ്​ദുൽ അസീസ്​ അൽതുവൈജിരി, ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​ തുടങ്ങിയവരും പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook