റിയാദ്: തുര്‍ക്കിയിലെ സൗദി എംബസിയില്‍ വച്ച് കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കുടുംബാംഗങ്ങൾ സൽമാൻ രാജാവിനെയും അമീർ മുഹമ്മദ് സൽമാനേയും സന്ദർശിച്ചു. റിയാദിലെ അല്‍ യമാമ കൊട്ടാരത്തിലെത്തിയ അടുത്ത കുടുംബാംഗങ്ങളായ സഹ്ല്‍ അഹമ്മദ് ഖഷോഗി, സലാഹ് ജമാല്‍ ഖഷോഗി എന്നിവരെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചേർന്ന് സ്വീകരിച്ചു. ജമാൽ ഖഷോഗിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പു നല്‍കി.
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ രാജാവും കിരീടാവകാശിയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും അറിയിച്ചു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും അനുശോചന സന്ദേശത്തിനു സഹ്ല്‍ അഹമ്മദ് ഖഷോഗി, സലാഹ് ജമാല്‍ ഖഷോഗി എന്നിവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.