അബുദാബി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിലെത്തി. യുഎഇക്ക് പുറമെ ബഹ്റൈനും സെയ്ഷെൽസുമാണ് വിദേശകാര്യമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനത്തിലുൾപ്പെടുന്നത്. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം യുഎഇയിലെത്തിയത്.

യുഎഇയിലെത്തിയ വിദേശകാര്യമന്ത്രിയെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാൻ അബുദാബി അല്‍ഷാതി കൊട്ടാരത്തില്‍ സ്വീകരിച്ചു. നിക്ഷേപ സാമ്പത്തിക രംഗങ്ങളിലെ പങ്കാളിത്ത് അടക്കം വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കോവിഡ് അനന്തര സാഹചര്യത്തിൽ യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ തൊഴിൽ തുടർച്ചയുമായി ബന്ധപ്പെട്ട ആശങ്കകൾ കൂടിക്കാഴ്ചയിൽ ചർച്ചയാവുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

അബുദാബിയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനവിധികളുമായും ജയ്ശങ്കർ വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തി. യുഎഇ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച അദ്ദേഹം സെയ്ഷെൽസിലേക്ക് തിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook