ന്യൂയോര്‍ക്ക്: ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.
“സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്,” ബൈഡന്‍ വ്യക്തമാക്കി. ശുഭാപ്തി വിശ്വാസത്തിന് പിന്നിലെ കാരണം അമേരിക്കന്‍ പ്രസിഡന്റ് വിശദീകരിച്ചില്ല. അമേരിക്കയുടെ ദേശിയ സുരക്ഷ സംഘം ഇസ്രയേല്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ജറുസലേമിലെ അൽ അക്സാ പള്ളിയിൽ വച്ചാണ് സംഘര്‍ഷത്തിന് തുടക്കമാകുന്നത്. തിങ്കളാഴ്ച മുതല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയും ചെയ്തു.
Also Read : ഇസ്രായേൽ മിസൈൽ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ പകർത്തി മലയാളി വ്‌ളോഗർ; വീഡിയോ
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ബൈഡന്‍ അപലപിച്ചതായി ബൈഡന്‍-നെതന്യാഹു ചര്‍ച്ചയെക്കുറിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിന്റെ സുരക്ഷയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയ ബൈഡന്‍, ജനങ്ങളെ സംരക്ഷിക്കുന്നതിനായി സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, സമാധാനം പുനസ്ഥാപിക്കുന്നതിനാണ് അമേരിക്ക മുന്‍തൂക്കം നല്‍കുന്നത്. “ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഇടമാണ് ജെറുസലേം. അവിടെ സമാധാനം നിലനില്‍ക്കേണ്ടത് ആവശ്യമാണ്,” പ്രസ്താവനയില്‍ പറയുന്നു.