ഗാസ സിറ്റി: അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഗാസയിലെ ബഹുനില കെട്ടിടം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. അല്‍-ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന 12 നില കെട്ടിടമാണ് തകര്‍ത്തത്. ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രദേശത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് നിശബ്ദമാക്കാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ നടപടിയാണിത്.
കെട്ടിടം ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം ആളുകളോട് ഉത്തരവിട്ട് ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ആക്രമണം നടന്നത്. വിവിധ മാധ്യമങ്ങളുടെ ഉള്‍പ്പെടെ നിരവധി ഓഫീസുകളും റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുമുള്ള കെട്ടിടം പൂര്‍ണമായി നിലം പതിച്ചു. എന്തിനാണ് കെട്ടിടം തകര്‍ത്തതെന്നതു സംബന്ധിച്ച് വിശദീകരണമുണ്ടായിട്ടില്ല.
ഇന്ന് ഉച്ചയ്ക്കുശേഷമാണു കെട്ടിടത്തിനു നേരെ വ്യോമാക്രമണമുണ്ടായത്. ഇതിനു മുന്നോടിയായി ഇസ്രായേല്‍ കെട്ടിട ഉടമയെ വിളിച്ച് വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് എപി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ജീവനക്കാരെയും മറ്റു ആളുകളെയും ഉടനടി ഒഴിപ്പിച്ചു. കെട്ടിടത്തിനുനേരെയുള്ള വ്യോമാക്രമണം അല്‍ ജസീറ ചാനല്‍ തത്സമയം പ്രക്ഷേപണം ചെയ്തു.
ഗാസ സിറ്റിയിലെ ജനസാന്ദ്രതയേറിയ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിനു മണിക്കൂറുകള്‍ക്ക് ശേഷമാണു കെട്ടിടം തകര്‍ത്ത സംഭവം. മൂന്നു നില വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. എട്ടു കുട്ടികളും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷത്തിലെ ഏറ്റവും മാരകമായ ആക്രമാണിത്. ഇതിനു മറുപടിയായി തെക്കന്‍ ഇസ്രായേലിനു നേര്‍ക്കു ഹമാസ് നിരവധി റോക്കറ്റുകള്‍ തൊടുത്തുവിട്ടു.
Read Also: ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം കൊച്ചിയിലെത്തിച്ചു; ബന്ധുക്കൾ ഏറ്റുവാങ്ങി
ജറുസലേമിലാണ് ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍ക്കു തുടക്കിമിട്ടത്. തുടര്‍ന്ന് മേഖലയിലുടനീളം വ്യാപിക്കുകയായിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇന്നലെ വ്യാപകമായ പലസ്തീന്‍ പ്രതിഷേധമുണ്ടായി. ഇസ്രായേല്‍ സൈന്യം 11 പേരെ വെടിവച്ചു കൊന്നു.
ഒരാഴ്ചയായി നടക്കുന്ന പലസ്തീന്‍-ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ ഇതുവരെ നൂറ്റി അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടുന്നു. സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് നയതന്ത്രജ്ഞന്‍ ഹാഡി അമര്‍ വെള്ളിയാഴ്ച എത്തി. നാളെ യുഎന്‍ സുരക്ഷാ സമിതി യോഗം ചേരാനും തീരുമാനിച്ചു. അതേസമയം, ഒരു വര്‍ഷത്തെ വെടിനിര്‍ത്തല്‍ ഉടമ്പടി സംബന്ധിച്ച ഈജിപ്തിന്റെ നിര്‍ദേശം ഇസ്രായേല്‍ തള്ളിയിരിക്കുകയാണ്. നിര്‍ദേശം ഹമാസ് നേതൃത്വം അംഗീകരിച്ചിരുന്നു.