ജിദ്ദ: ഇറാനിലെ ടെഹ്റാനില്‍ 17 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ സൗദി അറേബ്യയിലും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ബുധനാഴ്ച്ചയാണ് ഇറാനിയന്‍ പാര്‍ലമെന്റിനും ആയതുള്ള ഖൊമൈനിയുടെ മ്യൂസിയത്തിന് നേരേയും ചാവേറാക്രമണവും വെടിവെപ്പും നടന്നത്.

ഇറാനിലെ ഭൂരിഭാഗം വരുന്ന ഷിയാ മുസ്ലിംങ്ങള്‍ക്ക് നേരെ ഇനിയും ആക്രമണം നടത്തുമെന്നും ഭീകരസംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. ടെഹ്റാനില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് തയ്യാറാക്കിയതെന്ന് കരുതിയ വീഡിയോയില്‍ മുഖംമൂടി ധരിച്ച അഞ്ച് ഭീകരര്‍ സൗദിയും കരുതി ഇരുന്നോളണമെന്ന് ഭീഷണിപ്പെടുത്തുണ്ട്. ഭീകരസംഘടനയുടെ തന്നെ അമാക്ക് ന്യൂസ് ഏജന്‍സി ആണ് വീഡിയോ പുറത്തു വിട്ടത്.

“ഇറാന് പിന്നാലെ നിങ്ങളെയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അള്ളാഹുവാണെ സത്യം ഞങ്ങള്‍ നിങ്ങളുടെ പക്കല്‍ തന്നെ എത്തി ആക്രമണം നടത്തും. ഞങ്ങള്‍ ആരുടേയും ഏജന്റുമാരല്ല. അള്ളാഹുവിന്റേയും അവന്റെ ദൂതന്റേയും ആജ്ഞകളാണ് ഞങ്ങള്‍ അനുസരിക്കുന്നത്. ഇറാന്റെയോ അറേബ്യന്‍ രാഷ്ട്രങ്ങളുടേയോ ഗുണത്തിനു വേണ്ടിയല്ല, മതത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും ഭീകരര്‍ വീഡിയോയില്‍ പറയുന്നു.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് സൗദി അടക്കമുള്ള മുസ്ലിം രാഷ്ട്രങ്ങള്‍ ഖത്തറിനെ ഉപരോധിച്ച സാഹചര്യത്തിലാണ് ഭീകരരുടെ ഭീഷണി എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ