കുവൈത്ത് സിറ്റി: ദീര്‍ഘ കാലം ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച്, പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി ടി.പി.മുഹമ്മദ്‌ അബ്ദുല്‍ അസീസിന് കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ സമ്പൂര്‍ണ കൗണ്‍സില്‍ യോഗം ഖുർതുബ ജംഇയ്യത് ഇഹിയാതുരാസ് ഹാളിൽ വിപുലമായ യാത്രയയപ്പ് നല്‍കി.

1997 വര്‍ഷത്തില്‍ കുവൈത്തില്‍ എത്തിയ അദ്ദേഹം പെട്രോ കെമിക്കല്‍ ഇൻട്രസ്ട്രിയല്‍ (PIC), കുവൈത്ത് യുണിവേഴ്സിറ്റി, അല്‍ അയാൻ ഇന്‍വെന്‍വെസ്റ്റ്‌മെന്‍റ് കമ്പനി തുടങ്ങിയ മേഖലയില്‍ സേവനമനുഷ്ഠിച്ചു. ഗള്‍ഫ് ഇന്‍വെസ്റ്റ്‌മെന്‍റ് കമ്പനിയില്‍ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പോകുന്നത്.

കുവൈത്തിലെ മത, സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്ന ടി.പി.അബ്ദുല്‍ അസീസ്‌ ഇസ്‌ലാഹി സെന്ററിന്റെ നീണ്ട പതിനാറു വര്‍ഷത്തെ ജനറല്‍ സെക്രട്ടറിയും, കുവൈത്ത് മതകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ജാലിയാത്തിലെ ഔദ്യോഗിക പ്രബോധകനായും, സെന്ററിന്റെ കീഴില്‍ നടക്കുന്ന മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള സിആര്‍ഇയിലെ അധ്യാപകനുമായിരുന്നു. കൂടാതെ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷൻ (ഫിമ) സെന്റര്‍ പ്രതിനിധിയായും, കുവൈത്ത് പയ്യോളി അങ്ങാടി അസോസിയേഷന്‍ ഉപദേശക സമിതിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനിയുടെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഡോ.അമീർ ആമുഖ പ്രസംഗം നടത്തി. ശേഷം വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് സിറാജ് വടകര, ഫൈസാദ് സ്വലാഹി, മുസ്തഫ സഖാഫി, അസ്ലം ആലപ്പി, നജീബ് പാടൂര്‍, അബ്ദുസ്സലാം സ്വാലാഹി, ഷഫീക്ക് ഹസ്സന്‍, എൻജിനീയര്‍ ഉസ്സൈമത്, കെ.സി.മുഹമ്മദ്‌ നജീബ്, ശുഐബ്, സമീര്‍ അലി, ശമീര്‍ മദനി, മഹമൂദ് സി.പി, ഡോക്ടര്‍ യാസ്സര്‍, മുഹമ്മദ്‌ അഷ്‌റഫ്‌ എകരൂല്‍, മഹബൂബ് കാപ്പാട് എന്നിവരും കേന്ദ്ര സെക്രട്ടറിയേറ്റിനെ പ്രതിനിധീകരിച്ചു സി.പി. അബ്ദുല്‍ അസീസും എന്‍.കെ.അബ്ദുസലമും സംസാരിച്ചു. സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ യുവ പ്രഭാഷകന്‍ ഹാരിസ് കായക്കൊടി ഉദ്ബോധന പ്രസംഗം നടത്തി.

ടി.പി.അബ്ദുല്‍ അസീസിനുള്ള ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം പ്രസിഡന്റ്‌ പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനിയും, സെന്റര്‍ വനിതാ വിഭാഗമായ കിസവയുടെ ഉപഹാരം സെന്റര്‍ വൈസ് പ്രസിഡന്റ്‌ എ.എം.അബ്ദുസമദും, കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഉപഹാരം സെന്റര്‍ ഫിനാന്‍സ് സെക്രട്ടറി കെ.സി.അബ്ദുല്‍ ലത്തീഫും നല്‍കി. ജോയിന്റ് സെക്രട്ടറി സക്കീര്‍ കൊയിലാണ്ടി യോഗത്തില്‍ സ്വാഗതവും എജുക്കേഷന്‍ സെക്രട്ടറി സുനാഷ് ശുക്കൂര്‍ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ