ഹായിൽ: ഏകദൈവത്വവും ഏകമാനവതയും പഠിപ്പിക്കുന്ന വിശുദ്ധ ഖുർആൻ മനുഷ്യരിൽ സമത്വവും സഹിഷ്ണുതയുമാണ് ഉൽഘോഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഭീകരപ്രവർത്തനങ്ങളും തീവ്രചിന്താഗതികളും ഇസ്‌ലാമിന് അന്യമാണെന്നും ഇസ്‌ലാഹി പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അഭിപ്രായപ്പെട്ടു. ‘ഇസ്‌ലാം മാനവിക ഐക്യത്തിന്; സമാധാനത്തിന്’ ഇസ്‌ലാഹി ക്യാംപയിന്റെ സൗദി വടക്കൻ പ്രവിശ്യ ക്യാംപയിൻ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ മുസ്‌ലിംകളിൽ തീവ്രവാദം പ്രചരിക്കുന്നതിനെ വിശുദ്ധ ഖുർആനിന്റെ ആശയങ്ങൾകൊണ്ട് യുക്തിദീക്ഷയോടെ പ്രതിരോധം സൃഷ്ടിച്ചത് ഇസ്‌ലാഹി പ്രസ്ഥാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹായിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അഹ്‌മദ്‌ കക്കാട് അധ്യക്ഷത വഹിച്ചു. ‘നേരിന്റെ സംഗമം’ എന്ന പേരിൽ ഹായിൽ മർകസ് ഈസാ മലിഖ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ശൈഖ് മിശ്അൽ ഹമൂദ്‌ അൽബുലവി ഉദ്ഘാടനം ചെയ്തു. ‘ഭീകരവാദം മുഖംമൂടി അഴിക്കുന്നു’ ഡോക്യുമെന്ററിയുടെ പ്രകാശനം ഹായിൽ ജനൂബ് ജാലിയാത്ത് മേധാവി ശൈഖ് അബൂആമിർ ഡോ: അലിക്കുഞ്ഞിന് നൽകി നിർവഹിച്ചു.

hail conference

വിസ്‌ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ ജനറൽ കൺവീനർ ടി.കെ.അഷ്‌റഫ്, ആർഐസിസി ചെയർമാൻ സുഫ്‌യാൻ അബ്ദുസ്സലാം, മുഹമ്മദ് റഫീഖ് സലഫി (സഫറ), മുഹമ്മദ് റാഫി സ്വലാഹി (ബുറൈദ), മുബഷിർ സ്വലാഹി (അൽറാസ്) എന്നിവർ പ്രസംഗിച്ചു. ഡോ: അബ്ദുല്ല ഹാറൂൺ, വി.വി. ബഷീർ മാസ്റ്റർ, അബ്ദുൽഖാദർ ഇരിക്കൂർ, അബ്ദുല്ലത്തീഫ് കോടന്തറ, ഹിദായത്ത് സ്വലാഹി, ഷൗക്കത്ത് മാപ്പാട്ടുകര, മുഹമ്മദലി മണ്ണാർക്കാട്, അബ്ദുൽകരീം പെരുമ്പാവൂർ, സൽമാൻ കുനിയിൽ, അഷ്‌റഫ് കുനിയിൽ എന്നിവർ നേതൃത്വം നൽകി. സലിം കുറ്റ്യാടി സ്വാഗതവും അബൂബക്കർ ചെറായി നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ