റിയാദ് : സൗദിഅറേബ്യയുടെ വിവിധ പ്രവിശ്യകളിൽ പൊലീസ് പരിശോധന ഊർജിതം. നിയമ ലംഘകരെ കണ്ടെത്തി നാട് കടത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
സാധുവായ ഇഖാമയുള്ളവർ പരിശോധന സമയത്ത് ഇഖാമ കൈവശമില്ലെങ്കിൽ പിടിക്കപ്പെടും. പിന്നീട് ഒറിജിനൽ ഇഖാമയുമായി സ്പോൺസറോ സ്പോൺസർ ചുമതലപ്പെടുത്തിയയാളോ ജയിലിലെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.
റിയാദ് അസീസിയയിൽ കഴിഞ്ഞ ദിവസം കെട്ടിടത്തിന് താഴെയുള്ള ലോൺഡ്രിയിലേക്ക് വസ്ത്രങ്ങൾ അലക്കാൻ കൊടുക്കാൻ പോകും വഴിയാണ് കോഴിക്കോട് സ്വദേശി പരിശോധനയിൽ കുടുങ്ങിയത്. പ്രമുഖ കമ്പനിയിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഇഖാമ കൈവശം വെക്കാൻ മറന്നതിനാലാണ് ഒരു രാത്രി അഴിക്കുള്ളിൽ കഴിയേണ്ടി വന്നത്. പുലർച്ചെ മൂന്ന് മണിയോടെ കമ്പനി പ്രതിനിധികൾ ഒറിജിനൽ ഇഖാമയുമായി പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് മോചനം സാധ്യമായത്. ഇത്തരത്തിൽ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുടുങ്ങിയത്.
അവധി തീർന്ന ഇഖാമയുമായോ, ഇഖാമ ഇല്ലാതെയോ പിടിക്കപ്പെട്ടാൽ പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ പെടുത്തി നാടുകടത്തും. സൗദി തൊഴിൽ മന്ത്രാലയവും പൊലീസുമായി സഹകരിച്ച് സ്ഥാപനങ്ങളിൽ സ്വദേശി വത്ക്കരണവും മറ്റ് നിയമ ലംഘനങ്ങളും പരിശോധിച്ച് വരുന്നുണ്ട്. ഈ വർഷം സ്വദേശി വത്കരണത്തിൽ വീഴ്ച വരുത്തിയതും സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്തവരും ഉൾപ്പടെ നിരവധി കേസുകൾ വിവിധ മന്ത്രാലയങ്ങൾ രജിസ്റ്റർ ചെയ്തു.
വാർത്ത : നൗഫൽ പാലക്കാടൻ