മനാമ: സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബഹ്‌റൈന്‍ അന്താരാഷ്ട്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. ബഹ്‌റൈന്‍ വനിതാ പരമോന്നത കൗണ്‍സില്‍ (എസ്‌സിഡബ്ലിയു) പ്രസിഡന്റും ഭരണാധികാരി ഹമദ് രാജാവിന്റെ പത്‌നിയുമായ പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫയാണു പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്.

മാര്‍ച്ച് 11 മുതല്‍ 16 വരെ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന കമ്മീഷന്‍ ഓണ്‍ ദി സ്റ്റാറ്റസ് ഓഫ് വുമണ്‍ (സി.എസ്.ഡബ്ലിയു) 61-ാം യോഗത്തില്‍ അവാര്‍ഡ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ‘പ്രിന്‍സസ് സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ ഗ്ലോബല്‍ അവാര്‍ഡ് ഫോര്‍ വിമണ്‍ എംപവെര്‍മെന്റ്’ എന്ന പേരിലായിരിക്കും അവാര്‍ഡ് ഏര്‍പ്പെടുത്തുക. ഇതു സംബന്ധിച്ച മെമ്മോറാണ്ടത്തില്‍ എസ്‌സിഡബ്ല്യുവും യുഎന്‍ വിമണും ഒപ്പുവയ്ക്കും. സിഎസ്‌ഡബ്ല്യുവില്‍ പ്രിന്‍സസ് സബീക്കയായിരിക്കും ബഹ്‌റൈനെ പ്രതിനിധീകരിക്കുക.

വനിതകളുടെ ഉന്നമനത്തിനും അവരെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനും പ്രേരിപ്പിക്കുന്നതായിരിക്കും പുരസ്‌കാരമെന്ന് എസ്‌സിഡബ്ല്യു സെക്രട്ടറി ജനറല്‍ ഹലാ അല്‍ അന്‍സാരി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. കൗണ്‍സില്‍ ആരംഭിച്ചു 10 വര്‍ഷം തികയുന്ന വേളയിലാണ് ഇത്തരത്തില്‍ ഒരു അവാര്‍ഡ് നിലവില്‍ വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വനിതകള്‍ക്കു തുല്യത ഉറപ്പാക്കുന്ന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവരെ അനുമോദിക്കുക എന്നതായിരിക്കും അവാര്‍ഡിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമെന്നും അവര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ