മനാമ: ബഹ്‌റൈനില്‍ പ്രവാസികളടക്കമുള്ള എല്ലാ താമസക്കാര്‍ക്കും നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമിന്റെ കീഴില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനം. ഇത് സംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം ഹെല്‍ത്ത് കൗണ്‍സില്‍ പ്രസിഡന്റ് ലഫ്‌നന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള ല്‍ ഖലീഫ അറിയിച്ചു.

ബഹ്‌റൈന്‍ പൗരന്മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം ഗവൺമെന്റ് തന്നെ സോഷ്യല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫണ്ടിലേക്ക് അടക്കും. എന്നാല്‍ പ്രവാസികള്‍ക്കുള്ള പ്രീമിയം അവരുടെ സ്‌പോണ്‍സര്‍മാര്‍ ഗവൺമെന്റ് അംഗീകരിച്ച സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് അടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ സര്‍ക്കാര്‍ നേരിട്ട് ആശുപത്രികളിലേക്കാണ് തുക നല്‍കുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇന്‍ഷുറന്‍സ് തുക ഫണ്ടിലേക്ക് നിക്ഷേപിക്കുകയും പിന്നീട് ഫണ്ടില്‍ നിന്നും ആശുപത്രികളിലേക്ക് കൊടുക്കുകയുമാണ് ചെയ്യുക. ഇത് ആരോഗ്യമേഖലയില്‍ വിശദമായ അക്കൗണ്ടിങ് സംവിധാനം കൊണ്ടുവരാനും ചെലവ് നിയന്ത്രിക്കാനും പണം നല്ലരീതിയില്‍ വിതരണം ചെയ്യാനും സഹായിക്കും.

ഈ വര്‍ഷം അവസാനത്തോടെ തന്നെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. നിയമം വരുന്നതോടെ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും പ്രാദേശിക ഹെല്‍ത്ത് സെന്ററുകള്‍ക്കും പൊതു ആരോഗ്യസേവനങ്ങള്‍ക്കായി ആരോഗ്യമന്ത്രാലയത്തെ ആശ്രയിക്കേണ്ടതായി വരില്ല. പകരം ഇതിനുള്ള ഫണ്ട് ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. ഏത് ആശുപത്രിയില്‍ പോകണമെന്നും ഏതു ഡോക്ടറെ കാണണമെന്നും രോഗികള്‍ക്ക് തീരുമാനിക്കാനുമാകും. ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബഹ്‌റൈനിലെ റോഡുകളില്‍ വേഗപരിധി പുനര്‍നിർണയിക്കാന്‍ മന്ത്രിസഭയുടെ നിര്‍ദേശം
മനാമ: ബഹ്‌റൈനിലെ വിവിധ റോഡുകളിലും ഹൈവേകളിലുമുള്ള വേഗപരിധി പുനര്‍നിര്‍ണയിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ നിര്‍ദേശം നല്‍കി. ഗുദൈബിയാ കൊട്ടാരത്തില്‍ പ്രതിവാര ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗതാഗത തിരക്കും റോഡുകളുടെ സൗകര്യവും പരിഗണിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുന്ന രൂപത്തിലാണ് വേഗപരിധി പുനര്‍നിര്‍ണയിക്കുക. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക വഴി വാഹനാപകടങ്ങള്‍ കുറക്കാന്‍ സാധിച്ചതായി മന്ത്രിസഭ വിലയിരുത്തി. റോഡ് നിയമങ്ങള്‍ പാലിക്കുന്നതിനുള്ള ബോധവത്കരണം ശക്തമാക്കും. നിയമലംഘകരില്‍ നിന്ന് വലിയ പിഴ ഈടാക്കാനല്ല, മറിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. ട്രാഫിക് ഉന്നതാധികാര സമിതിയുമായി ചേര്‍ന്ന് ഇക്കാര്യത്തിലാവശ്യമായ നടപടി കൈകൊള്ളാന്‍ മന്ത്രിതല സമിതിയെ കാബിനറ്റ് ചുമതലപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ