ജിദ്ദ: ത്രിദിന സന്ദർശനാർഥം രാജ്യാന്തര സമുദ്രാതിർത്തിയിലെ ഇന്ത്യൻ നാവിക സേനയുടെ സാന്നിധ്യമായ ഐഎൻഎസ് മുംബൈ, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് ആദിത്യ എന്നീ മൂന്നു യുദ്ധക്കപ്പലുകൾ കഴിഞ്ഞ ദിവസം ജിദ്ദ തുറമുഖത്തെത്തി. പശ്ചിമ നാവിക കമാൻഡിന്റെ ഭാഗമായുള്ള ഈ മൂന്നു കപ്പലുകളും സൗദി നേവിയുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുക, സംയുക്ത പരിശീലനം നടത്തുക, കായികവും സാമൂഹികവുമായ പരസ്പര സൗഹൃദം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തണഞ്ഞത്.

ഇന്ത്യയും സൗദി അറേബ്യയുമായുള്ള നൂറ്റാണ്ടുകളുടെ സൗഹൃദം അനുദിനം ശക്തിയാർജിച്ചുവരികയാണ്. പരസ്പര വ്യാപാരത്തിൽ അഞ്ചു വർഷത്തിനിടെ മൂന്നിരട്ടി വർധനയാണുണ്ടായത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. അച്ചടക്കത്തിന്റെ കാര്യത്തിലും രാജ്യത്തെ നിയമം അനുസരിക്കുന്നതിലും മറ്റേതൊരു രാജ്യത്തേക്കാളും മുൻപന്തിയിൽ നിൽക്കുന്നതും ഇന്ത്യൻ സമൂഹമാണ്. ഈ സൗഹൃദവും സഹകരണവും ഒന്നുകൂടി ശക്തമാക്കുകയെന്ന ലക്ഷ്യവും ഐഎൻഎസ് മുംബൈയുടെ കപ്പിത്താനായ ഫ്‌ളാഗ് ഓഫീസർ കമാന്റിംഗ് വെസ്റ്റേൺ ഫ്‌ളീറ്റ് റിയർ അഡ്മിറൽ ആർ.ബി.പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദർശനത്തിനുണ്ട്.

ഇതോടൊപ്പം മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി സൗഹൃദ രാഷ്ട്രങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലും സന്ദർശന ലക്ഷ്യമാണ്. സൊമാലിയൻ കടൽ കൊള്ളക്കാരുടെ ആക്രമണ ഭീഷണിയെ ചെറുക്കുകയെന്നതും ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ യുദ്ധകപ്പലുകളെ വിന്യസിപ്പിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചിട്ടുള്ള ഘടകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ