റിയാദ്: നാളിതു വരെ നിലനിന്നിരുന്നതില്‍ നിന്നും തീര്‍ത്തും വിഭിന്നമായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യവസായ വാണിജ്യ കയറ്റിറക്കുമതി ബന്ധങ്ങള്‍ വളര്‍ച്ചയുടെ നാള്‍വഴികളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും വരുംനാളുകളില്‍ അത് കൂടുതല്‍ ഊഷ്മളത കൈവരിക്കുമെന്നും 32-ാമത് ജനാദ്രിയ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സെമിനാറുകളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അതിഥി രാജ്യമായ ഇന്ത്യയും അതിഥേയരായ സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇരുഭാഗത്തു നിന്നും പ്രമുഖര്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റിയാദ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിലെ കിങ് ഫൈസല്‍ ഹാളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തു.

‘ഇന്തോ സൗദി ഉഭയകക്ഷി ബന്ധം, ഇന്നത്തെ യാഥാര്‍ത്ഥ്യവും ഭാവി പുരോഗതിയും’ എന്ന വിഷയത്തില്‍ ആദ്യ ദിവസം നടന്ന സെമിനാറില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ സാത്തി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്‌സ് ഡയറക്ടര്‍ജനറല്‍ നളിന്‍ സുരി എന്നിവര്‍ സംസാരിച്ചു. രണ്ടാമത്തെ ദിവസം ഉഭയകക്ഷി സാമ്പത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്ന വിഷയത്തില്‍ വളരെ ബൃഹത്തായ ചര്‍ച്ച നടന്നു. അബ്ദുള്ള ഹമദ് അല്‍ സലാമ മോഡറേറ്ററായ സെമിനാറില്‍ ഡോ. അബ്ദുള്ള ബിന്‍ ഇബ്രാഹിം അല്‍ഖവൈസ്, നളിന്‍ ഷൂരി, ദീദാര്‍ സിങ്, എഞ്ചി. ഒമര്‍ അഹമ്മദ് ബഹലിവ തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്തോ സൗദി വ്യാപാര വ്യവസായ ബന്ധങ്ങള്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇപ്പോഴും വളരെ സാവധാനമുള്ള പുരോഗതിയാണ് കാണാന്‍ സാധിക്കുന്നതെന്നും ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കില്‍ മാത്രമേ ഇതിനൊരു മാറ്റമുണ്ടാവുകയുള്ളൂ എന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളിലേയും സംരഭകര്‍ക്ക് നിക്ഷേപമിറക്കാന്‍ ധാരാളം സാധ്യതകളുണ്ടെന്നും എന്നാല്‍ ഇതൊന്നും ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ലെന്നും അറബ് ചേംബറിന്റെയും ഗള്‍ഫ് ചേംബറിന്റെയും ഭാരവാഹികള്‍ പറഞ്ഞു. യുഎഇ പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് ലഭിക്കുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ സൗദിയിലും ലഭ്യമായാല്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ സൗദിയിലേക്ക് വരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുല്‍ ദൃഢമാകുന്നതിന്റെ സൂചനകളാണ് ഇത്തരം സെമിനാറുകള്‍. ജനാദ്രിയ ഫെസ്റ്റിവല്‍ പോലുള്ള പൈതൃകോത്‌സവങ്ങളില്‍ ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിക്കാന്‍ സല്‍മാന്‍ രാജാവ് കാണിച്ച താല്‍പ്പര്യത്തിന് ഇന്ത്യന്‍ അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook