റിയാദ്: കോൺസുലേറ്റ് നൽകുന്ന സന്ദർശക വിസ വഴി ഇന്ത്യക്കാർക്കു സൗദി അറേബ്യയിലെത്താം. ഇന്ത്യക്കാർക്ക് ഇ-വിസ വഴിയോ ഓൺ അറൈവൽ വിസയിലോ സൗദിയിലേക്കു വരാൻ കഴിയില്ല.
സന്ദർശക വിസയ്ക്കു മുംബൈ കോൺസുലേറ്റിൽ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, ഇന്ത്യയിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ശുപാർശ കത്ത്, മടക്കയാത്ര ഉൾപ്പെടയുള്ള വിമാന ടിക്കറ്റ്, ആധാർ കാർഡ്, മൂന്ന് മാസത്തെ ബാങ്ക് ഇടപാട് രേഖ, സൗദിയിൽ താമസിക്കാൻ ബുക്ക് ചെയ്ത ഹോട്ടലിന്റെ ബുക്കിങ്ങും വിലാസവും ഫോൺ നമ്പറും എന്നിവ സമർപ്പിക്കണം.
അപേക്ഷയും പാസ്സ്പോർട്ടും രേഖകളും വിസ ഫീസും കോൺസുലേറ്റിൽ നേരിട്ടോ ഏജന്റ് മുഖേനയോ സമർപ്പിച്ചാൽ സന്ദർശക വിസ ലഭ്യമാകും. നിലവിൽ 49 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ വഴിയോ അല്ലെങ്കിൽ ഓൺ അറൈവൽ വിസ വഴിയോ സൗദി സന്ദർശിക്കാം. ഇന്ത്യക്ക് ഓൺ അറൈവൽ വിസ അനുവദിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
വാർത്ത: നൗഫൽ പാലക്കാടൻ