അബുദാബി: രാജ്യാന്തര ഹ്രസ്വ വീഡിയോ മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്കു വിജയം. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും കാസര്‍ഗോഡ് സ്വദേശിയുമായ യോഹന്‍ സഞ്ജു സെബാസ്റ്റ്യനാണു റണ്ണര്‍ അപ്പായത്. 250 ഡോളറാണു സമ്മാനത്തുക.

‘എന്റെ ഭക്ഷണം, നമ്മുടെ ഭാവി’ എന്ന വിഷയത്തിലായിരുന്നു മത്സരം. 10 മുതല്‍ 17 വരെയുള്ള വിഭാഗത്തില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിലാണു പതിമൂന്നുകാരനായ യോഹന്‍ വിജയിയായത്. വാഷിങ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാ(ഐഎഫ്പിആര്‍ഐ)ണു ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മത്സരം സംഘടിപ്പിച്ചത്.

‘നമ്മുടെ ഭാവിക്കുവേണ്ടിയുള്ള കൃഷി’ എന്ന പേരില്‍ അക്വാപോണിക്‌സ് കൃഷിരീതിയുടെ നേട്ടങ്ങള്‍ വിശദമാക്കുന്ന രണ്ടു മിനുറ്റ് വീഡിയോയാണു യോഹന്‍ മത്സരത്തിനു സമര്‍പ്പിച്ചത്. സുസ്ഥിരവും ഭക്ഷ്യസുരക്ഷിതവുമായ ഭാവിയിലേക്ക് അക്വാപോണിക്‌സ് കൃഷിരീതി എങ്ങനെ സംഭാവന നല്‍കുമെന്നു വ്യക്തമാക്കുന്നതായിരുന്നു യോഹന്റെ വീഡിയോ.

Read Also: അബുദാബി വിമാനത്താവള നറുക്കെടുപ്പില്‍ കോടിപതിയായി മലയാളി

അയല്‍പ്രദേശങ്ങളിലും സമൂഹത്തിലും രാജ്യത്തും ഭക്ഷ്യസുരക്ഷ നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് എഎഫ്പിആര്‍ഐ ആദ്യ വാര്‍ഷിക മത്സരം സംഘടിപ്പിച്ചത്. ലോകത്തെമ്പാടുമുള്ള യുവാക്കളുടെ ആശയങ്ങള്‍ കേള്‍ക്കാന്‍ തങ്ങളെ പ്രാപ്തരാക്കുന്നതാണു വീഡിയോ മത്സരമെന്ന് എഎഫ്പിആര്‍ഐ ഡയറക്ടര്‍ ജനറല്‍ ഷെങ്‌ജെന്‍ ഫാന്‍ പറഞ്ഞു.

കേരളത്തിലുള്ള അമ്മാവനില്‍നിന്നാണു യോഹന്‍ മത്സരത്തെക്കുറിച്ച് അറിഞ്ഞത്. സ്‌കൂള്‍ അവധിക്ക് കേരളത്തിലുള്ള തങ്ങളുടെ കുടുംബ ഫാം സന്ദര്‍ശിച്ചപ്പോള്‍ മുത്തച്ഛനില്‍നിന്ന് ലഭിച്ച അറിവുകളാണു വീഡിയോയായി യോഹന്‍ അവതരിപ്പിച്ചത്. ഭാവി സൂക്ഷ്മ കൃഷിയ്ക്കുള്ള പരിഹാരമാര്‍ഗമായ അക്വാപോണിക്‌സ് ഇന്ത്യയിലും ജലക്ഷാമം നേരിടുന്ന ലോകത്തെ മറ്റിടങ്ങളിലും പ്രചരിപ്പിക്കേണ്ടതുണ്ടെന്നു യോഹന്‍ സഞ്ജു സെബാസ്റ്റിയന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook