scorecardresearch
Latest News

കൊറോണ: പ്രതിരോധ നടപടികള്‍ ശക്തമാക്കി യുഎഇ; ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കു വൈറസ് ബാധ

ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ പതിനാറുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്

കൊറോണ: പ്രതിരോധ നടപടികള്‍ ശക്തമാക്കി യുഎഇ; ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കു വൈറസ് ബാധ

ദുബായ്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ, പരിശോധനാ നടപടികള്‍ ശക്തമാക്കി യുഎഇ. വിദേശ യാത്ര ഒഴിവാക്കാന്‍ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. വളരെ അനിവാര്യമായ സാഹചര്യത്തില്‍ മാത്രമേ വിദേശയാത്ര നടത്താവൂയെന്നാണു നിര്‍ദേശം.

വിദേശയാത്ര കഴിഞ്ഞു രാജ്യങ്ങളില്‍ തിരിച്ചെത്തുന്നവരെ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്കു വിധേയമാക്കും. സഞ്ചാരപഥത്തെ ആശ്രയിച്ച് 14 ദിവസത്തെ വീട്ട നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബീജിങ്, സിറിയ, ലെബനന്‍, ഇറ്റലി തുടങ്ങിയ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍നിന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കും ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കും എത്തുന്ന യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിങ് ഉപയോഗിച്ച് പരിശോധിക്കുമെന്ന് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് ഡാമിയന്‍ എല്ലകോട്ടിനെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ സ്ഥലങ്ങളില്‍നിന്ന് വരുന്ന വിമാനങ്ങളെയും യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ ഏഴ് ഗേറ്റുകള്‍ നീക്കിവച്ചതായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളിലെ പരിശോധനകളില്‍ പോസിറ്റീവ് ഫലം കാണിക്കുന്നവരെ വിശദമായ പരിശോധനയ്ക്കും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ക്കും വിധേയമാക്കും.

Read Also: പാക്കിസ്ഥാനെതിരെ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ച് ഇന്ത്യ; വീഡിയോ

അതിനിടെ ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കു കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിലെ ഒരു ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ പതിനാറുകാരിക്കു രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി ഉള്‍പ്പെടെ യുഎഇയില്‍ 28 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.

വിദേശയാത്ര നടത്തിയ മാതാപിതാക്കളില്‍നിന്നാണ് വിദ്യാര്‍ഥിനിക്കു വൈറസ് ബാധുണ്ടായത്. അണുബാധ പിടിപെട്ടത്. ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിനു ശേഷം മാതാപിതാക്കള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വിദ്യാര്‍ഥിയും മാതാപിതാക്കളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ സുഖം പ്രാപിച്ചുവരികയാണെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.

രോഗിയുമായി ഇടപഴകിയേക്കാവുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഡിഎച്ച്എ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കുന്നുണ്ട്. അണുനശീകരണം നടത്താനായി സ്‌കൂളിലെ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതായി ഡിഎച്ച്എ അറിയിച്ചു.

യുഎഇയിലെ എല്ലാ സ്‌കൂളുകളും സര്‍വകലാശാലകളും എട്ടു മുതല്‍ ഒരു മാസത്തേക്ക് അടച്ചിടുമെന്നു വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ആദ്യ രണ്ടാഴ്ച വസന്തകാല അവധിയായിരിക്കും. നേരത്തെ അവധി നിശ്ചയിച്ചിരുന്നത് മാര്‍ച്ച് 29 മുതലായിരുന്നു. രണ്ടാം ഘട്ടത്തിലെ രണ്ടാഴ്ചയില്‍ വിദൂര പഠനം നടപ്പാക്കും. ഈ സമയത്ത് സ്‌കൂള്‍ കെട്ടിടങ്ങളും ബസുകളും ഉള്‍പ്പെടെ അണുവിമുക്തമാക്കും. സ്‌കൂള്‍ അടച്ചിടുമെങ്കിലും ഫീസ് തിരിച്ചുനല്‍കില്ലെന്ന് അബുദാബിയിലെയും ദുബായിലെയും സ്‌കൂള്‍ നടത്തിപ്പുകാര്‍ അറിയിച്ചു.

Read Also: നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബു കൂറുമാറി

അതേസമയം, യുഎഇയിലുടനീളമുള്ള ഇന്ത്യന്‍ സ്‌കൂളുകള്‍ പരീക്ഷാ നടപടികളുമായി മുന്നോട്ടുപോകും. ഇന്ത്യയുമായി ചേര്‍ന്നു നടത്തുന്ന 10,11, 12 ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് വരെ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. യുഎഇയില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പ്രകാരം പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പരീക്ഷാത്തിരക്കിലാണിപ്പോള്‍.

സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചുപൂട്ടുന്നതിന്റെ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇക്കാര്യത്തില്‍ എംബസി അധികൃതര്‍ വിദ്യാഭ്യാസ മന്ത്രാലയം, അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് എന്നിവരുമായി ചര്‍ച്ച നടത്തിയതായും ഷെഡ്യൂള്‍ ചെയ്ത പരീക്ഷകളുമായി മുന്നോട്ടു പോകാന്‍ സമ്മതിച്ചതായും വിവരം.

അതിനിടെ, വൈറസ് ബാധ തടയുന്നതിനായി വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കാന്‍ യുഎഇയിലെ എല്ലാ പള്ളികളിലെയും ഇമാമുമാരോട് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് ആവശ്യപ്പെട്ടു. പ്രാര്‍ത്ഥനകള്‍ 10 മിനിറ്റില്‍ കൂടരുതെന്നാണു നിര്‍ദേശം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Indian student in uae tests positive for covid 19