scorecardresearch
Latest News

ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിനു സമാപനം

നിരവധി വിനോദ പരിപാടികളോടെയാണ് ഇന്ത്യന്‍ സ്‌കൂള്‍ മൈതാനം മെഗാ ഫെയര്‍ സമാപനത്തിനു സാക്ഷ്യം വഹിച്ചത്

ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിനു സമാപനം

മനാമ: ഈ വര്‍ഷത്തെ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും ഈസ ടൗണ്‍ കാമ്പസില്‍ ഉജ്വല പര്യവസാനം. പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ഇന്നലെ ഇസ ടൗണ്‍ കാമ്പസിലേക്കു ഒഴുകിയെത്തിയത്. പിന്നണി ഗായകരായ ശ്രീനിവാസ്, ജ്യോത്സ്‌ന, വിഷ്ണു രാജ് എന്നിവരുടെ സംഗീത പരിപാടികളും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികളും മെഗാ ഫെയറിന്റെ സമാപനം അനുഭവവേദ്യമാക്കി.

നിരവധി വിനോദ പരിപാടികളോടെയാണ് ഇന്ത്യന്‍ സ്‌കൂള്‍ മൈതാനം മെഗാ ഫെയര്‍ സമാപനത്തിനു സാക്ഷ്യം വഹിച്ചത്. സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച ചെണ്ട മേളത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ആര്യഭട്ട ഹൗസ്, ജെസി ബോസ് ഹൗസ്, സി.വി.രാമന്‍ഹൗസ്, വിക്രം സാരാഭായ് ഹൗസ് എന്നിവയില്‍ നിന്നുള്ള വിദ്യാർഥികള്‍ നടത്തിയ സിനിമാറ്റിക് ഡാന്‍സും അറബിക് ഡാന്‍സും റിഫ ക്യാമ്പസില്‍ നിന്നുള്ള കുരുന്നുകള്‍ അവതരിപ്പിച്ച പരിസ്ഥിതി സൗഹൃദ നൃത്തവും ആസ്വാദകരുടെ മനം കവര്‍ന്നു. വിക്രം സാരാഭായി ഹൗസില്‍ നിന്നുള്ള സീനിയര്‍ വിദ്യാർഥികള്‍ പാശ്ചാത്യ നൃത്തം അവതരിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വവിദ്യാർഥികളും വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍ സുവനീര്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, മെഗാ ഫെയര്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഹുസൈന്‍ മാലിം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവരും സമാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റാഫ് ഒരുക്കിയ വിവിധ ഭക്ഷ്യ സ്റ്റാളുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വെര്‍ച്വല്‍ റിയാലിറ്റി ഷോകള്‍, ഫെയ്‌സ് പെയിന്റിങ്, ഹെല്‍ന ഡിസൈനിങ്, തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഗെയിം സ്റ്റാളുകളെല്ലാം സജീവമായിരുന്നു. സ്‌കൂളില്‍ നിന്നുള്ള ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഫെയറില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുക. മെഗാ ഫെയര്‍ ഉജ്വല വിജയമാക്കി മാറ്റിയ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും സംഘാടക സമിതിയെയും ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജനും സെക്രട്ടറി ഡോ.ഷെമിലി പി.ജോണും ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മാലിമും അനുമോദിച്ചു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Indian school mega fair ended in bahrain