മനാമ: ഇന്ത്യൻ സ്‌കൂളിലെ പ്രഥമ കിൻഡർഗാർട്ടൻ കായിക ദിനം റിഫ കാമ്പസിൽ വർണ്ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. കളർ സ്‌പ്ലാഷ് എന്ന പേരിൽ നാലും അഞ്ചും വയസുള്ള കുരുന്നുകൾക്കു വേണ്ടി മാത്രമായി സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച കായിക മാമാങ്കത്തിൽ ആയിരത്തി അഞ്ഞൂറിലേറെ കുട്ടികൾ ആവേശകരമായി പങ്കുകൊണ്ടു. നിറപ്പകിട്ടാർന്ന ഡിസ്‌പ്ലേയും ട്രാക് ഇനങ്ങളും കാണികളുടെ മനം കവർന്നു. മുഖ്യാതിഥിയും 2016 റയോ ഡി ജനീറോ പാരാലിംപിക് ഗെയിംസിലും ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ ജേതാവായ ബഹ്റൈനി കായികതാരം ഫാത്തിമ റസാഖ് നേഥം പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ വെല്ലുവിളികളെ നിശ്ചയ ദാർഢ്യത്തോടെയും മനക്കരുത്തോടെയും നേരിടണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെയും അവരെ പ്രോത്സാഹിപ്പിക്കാൻ ഒത്തുചേർന്ന രക്ഷിതാക്കളെയും കായിക താരം ഫാത്തിമ റസാഖ് അഭിനന്ദിച്ചു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്.നടരാജൻ കായിക മത്സരത്തിന്റെ ആരംഭ പ്രഖ്യാപനം നടത്തി. അക്കാദമിക കാര്യങ്ങളിലും പാഠ്യതരപ്രവൃത്തികളിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മികവ് പുലർത്തുന്ന റിഫ കാന്പസ് ടീമിനെ പ്രിൻസ് എസ്‌.നടരാജൻ അഭിനന്ദിച്ചു. ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയഫർ മൈദാനി (സ്പോർട്സ് ), സജി ആന്റണി (ഐ.ടി), പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, റിഫ കാമ്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പമേല സേവ്യർ, ആനന്ദ് ആർ നായർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ജയഫർ മൈദാനി കായികമത്സരം സമാപിക്കുന്ന പ്രഖ്യാപനം നടത്തി. റിഫ കാമ്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പാമിലെ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

പൂർണമായും കിൻഡർഗാർട്ടൻ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നടന്ന കായിക മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മൂവായിരത്തിലേറെ രക്ഷിതാക്കളും സന്ദർശകരും പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. റിഫ കാമ്പസിലെ അധ്യാപകരുടെ കീഴിൽ ഒരു മാസത്തെ അടുക്കും ചിട്ടയുമുള്ള പരിശീലനത്തിനു ശേഷം നടന്ന കായിക ദിന ആഘോഷം ഉജ്വല വിജയത്തിലാണ് പര്യവസാനിച്ചത്. പരിപാടി വിജയിപ്പിക്കാൻ ആത്മസമർപ്പണം നടത്തിയ അധ്യാപകരെയും അക്കാദമിക മികവ് നേടാൻ സഹകരിച്ച രക്ഷിതാക്കളെയും റിഫ കാമ്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ അഭിനന്ദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ