മനാമ: രക്ഷിതാക്കളല്ലാത്ത മുന്‍ ചെയര്‍മാന്മാരുടെ ചിത്രങ്ങളുമായി പ്രചാരണത്തിറങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയഭീതിയില്‍ ആരോപണങ്ങള്‍ അഴിച്ചുവിടുന്നു എന്ന് ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആസന്നമായ തിരഞ്ഞെടുപ്പില്‍ പിപിഎ നയിക്കുന്ന പാനലിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം.

രക്ഷിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന സ്‌കൂള്‍ രേഖകള്‍ മുന്‍വര്‍ഷങ്ങളില്‍ ആര്‍ക്കും ചോര്‍ത്തിയെടുത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന വിധം കുത്തഴിഞ്ഞതായിരുന്നു. അവയെല്ലാം അംഗീകൃതമായ നിലയില്‍ മാത്രം ലഭ്യമാക്കുന്നവിധം ക്രമീകരിക്കുന്നതില്‍ ഇപ്പോള്‍ ഭരിക്കുന്ന കമ്മറ്റി വിജയിച്ചുണ്ട്. രക്ഷിതാക്കളുടേ ഫോണ്‍ നമ്പറുകള്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ രേഖാമൂലം ആവശ്യപെട്ടാല്‍ തിരഞ്ഞെടുപ്പ് വരണാധികാരിയില്‍ നിന്നും ലഭിക്കുന്നതാണ്. പക്ഷേ, തിരഞ്ഞെടുപ്പിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കല്ലാതെ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുന്ന സമ്മതിപത്രം ഒപ്പിട്ടു നല്‍കേണ്ടിവരും. ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കണം എന്ന ആവശ്യം ഇപ്പോള്‍ ഭരിക്കുന്ന കമ്മറ്റിക്ക് മുന്‍പില്‍ ഇതിനുമുന്‍പും പലപാവശ്യം എത്തിയിട്ടുള്ളതാണ്. സമ്മതിപത്രം ഒപ്പിട്ടു നല്‍കാത്ത ആര്‍ക്കും രക്ഷിതാക്കളുടെ ഫോണ്‍നമ്പറുകള്‍ നല്‍കാന്‍ സാധ്യമല്ല എന്ന് അധികൃതര്‍ അറിയിച്ചുള്ളതുമാണ്. ബഹ്റൈനിലെ ഏത് സ്ഥാപനത്തിലും അംഗങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതിന് ചില നിബന്ധനകള്‍ ബാധകമാണ്. കുത്തഴിഞ്ഞ ഭരണം നടത്തിയിരുന്നവര്‍ക്ക് ഇത്തരം നടപടിക്രമങ്ങളില്‍ പുതുമ തോന്നുന്നതില്‍ അദ്ഭുതമില്ല എന്നും പ്രിന്‍സ് നടരാജന്‍ അറിയിച്ചു.

ഇപ്പോള്‍ രക്ഷിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ ആവശ്യപ്പെട്ട് ആരോപണം ഉന്നയിച്ച കക്ഷി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നേ ഒരു ദശാബ്ദം മുന്‍പ് സ്‌കൂള്‍ ഭരിച്ച ചെയര്‍മാന്റെ പേരില്‍ രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ചിരുന്നു, അതിനെതിരെ മറ്റൊരു പ്രതിപക്ഷ കക്ഷി രേഖാമൂലം പരാതിയും സ്‌കൂള്‍ അധികൃതല്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനെപ്പറ്റി അന്വേഷണം നടക്കുന്നതായി പ്രിന്‍സ് നടരാജന്‍ അറിയിച്ചു. നമ്പര്‍ കൈവശം ഉണ്ടായിട്ടും വിവാദവ്യവസായം നല്‍കുന്നവരെ രക്ഷിതാക്കള്‍ തിരിച്ചറിയണം.

വ്യക്തിതാല്പര്യങ്ങള്‍ക്കു വേണ്ടിയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരുമായും കൂട്ടുകൂടുകയും ആരോപണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നവരെ രക്ഷിതാക്കള്‍ തിരിച്ചറിയുക തന്നെ ചെയ്യും. സുതാര്യമായ ഭരണം നടത്തുകയും തകര്‍ന്ന സാമ്പത്തിക നില മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുകയും അധ്യാപക നിയമനങ്ങളും ഉദ്യോഗകയറ്റവും പക്ഷപാദിത്വമില്ലാതെ നടത്തുകയും ചെയ്ത ഭരണമാണ് കഴിഞ്ഞ മൂന്നു വര്‍ഷം ഇന്ത്യന്‍ സ്‌കൂളില്‍ പിപിഎ നടത്തിയത്.

സ്‌കൂളിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുവാന്‍ ഇപ്പോള്‍ ഭരിക്കുന്ന കമ്മിറ്റി രണ്ട് ഫെയറുകള്‍ വിജയകരമായി നടത്തി. മുന്‍കമ്മിറ്റികളുടെ ഭരണകാലത്ത് നടന്ന ഫെയറുകളില്‍ ഒരിക്കല്‍ പോലും 60% കൂടുതല്‍ പണം പിരിഞ്ഞ് കിട്ടിയിട്ടില്ല. കിട്ടാത്ത പണത്തെക്കുറിച്ച് രേഖയുമില്ല എന്നത് നിര്‍ഭാഗ്യകരമാണ്. പക്ഷേ, കഴിഞ്ഞ രണ്ട് ഫെയറുകളിലും വാദ്ഗാനമായി ലഭിച്ചതിന്റെ 99% തുകയും പിരിഞ്ഞ് കിട്ടി എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. ഒരേ കമ്പനി തന്നെ നടത്തിയിരുന്ന ട്രാന്‍സ്‌പോര്‍ട്ട് വിഭജിച്ച് രണ്ട് കമ്പനികള്‍ക്കായി നല്‍കിയതുകൊണ്ട് മെച്ചപ്പെട്ട സേവനം മാത്രമല്ല സാമ്പത്തിക നേട്ടവും ലഭിച്ചു എന്ന് കാണിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ജനറല്‍ ബോഡിയില്‍ സമര്‍പ്പിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും ട്രാന്‍സ്‌പോർട്ട് കരാറുകള്‍ വിവാദ വിഷയമാക്കുന്നത് തിരഞ്ഞെടുപ്പ് തന്ത്രമാണ്.

പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ചില മുന്‍ചെയര്‍മാന്മാരുടെ ഭൂതം ആവേശിച്ചിരിക്കുകയാണെന്ന് പിപിഎ. തിരഞ്ഞെടുപ്പ് കണ്‍വീനര്‍ വിപിന്‍ കുമാര്‍ പരിഹസിച്ചു. 67 വര്‍ഷമായി ബഹ്റൈനില്‍ നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ സ്കൂൾ. അതാതുകാലങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികള്‍ സ്‌കൂളിന്റെ ഭരണചുമതല നിര്‍വഹിച്ചിട്ടുണ്ട്. ഇനിയും തുടരുകയും ചെയ്യും.

എജ്യൂക്കേഷന്‍ ഓഡിറ്റ് പിപിഎയുടെ മുന്‍ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. പ്രകടനപത്രികയുടെ അംഗീകാരമായാണ് രക്ഷിതാക്കള്‍ പിപിഎയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്. വാഗ്‌ദാനപ്രകാരം ഓഡിറ്റ് നടത്തുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശപ്രകാരമുള്ള അധ്യാപകപരിശീലനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ബഹ്റൈനിലെ എല്ലാ സ്ഥാപനങ്ങളും കൈപ്പിടിയിലൊതുക്കാന്‍ ചില ഏകാധിപത്യ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും രക്ഷിതാക്കളല്ലാത്ത അവരുടേ ചിത്രങ്ങള്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണ പത്രികകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് അപഹാസ്യമാണ്. പിപിഎ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും സാമൂഹികസാംസ്‌കാരിക മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ളവരാണെന്നും കൂട്ടായ തീരുമാനങ്ങള്‍ എടുത്ത് സ്‌കൂളിനെ നയിക്കുവാന്‍ കഴിവുള്ളവരുമാണ്. പിന്‍സീറ്റ് ഭരണം പിപിഎ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൺവീനര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ