മനാമ: ഇന്ത്യൻ സ്‌കൂൾ ഉറുദു ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഉറുദു ദിനം വർണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. ഉറുദു അറബിക് ഭാഷാ പണ്ഡിതൻ മുഹമ്മദ് ശുഐബ് നിഗ്രാമി മുഖ്യാതിഥി ആയിരുന്നു. പ്രമുഖ ഉറുദു കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.നവാസ് ദയോബന്ദി, ജി.ഐ.ഐ. സിഐടി വിഭാഗം മുൻ തലവൻ മുഹമ്മദ് അൻവർ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.

സ്‌കൂൾ പ്രാർത്ഥന ഗീതത്തോടെയും ദേശീയഗാനത്തോടെയുമാണ് പരിപാടികൾക്ക് തുടക്കമായത്. വിദ്യാർഥിനി റെദ സുഹൈൽ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്‌കൂളിലെ ആറും ഏഴും എട്ടും ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങളുടെ സമാപനമായാണ് ഉറുദു ദിനം ആഘോഷിച്ചത്. ഉറുദു പദ്യം ചൊല്ലൽ കൂടാതെ ദേശീയ ഗാനാലാപനം, ദേശഭക്തി ഗാനം, ലഘുനാടകം എന്നിവ അരങ്ങേറി. ഉറുദു ദിന റിപ്പോർട്ട് അധ്യാപിക സമീന ഷെയ്ഖ് അവതരിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യാതിഥി മുഹമ്മദ് ശുഐബ് നിഗ്രാമി ഉറുദു പണ്ഡിതരുടെ സംഭാവനകളെ കുറിച്ച് സംസാരിച്ചു. ഉറുദു ദിനം വിപുലമായി സംഘടിപ്പിച്ച ഇന്ത്യൻ സ്‌കൂളിനെ അദ്ദേഹം അഭിനന്ദിച്ചു.

ഉറുദു സ്നേഹത്തിന്റെ ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രഹിക്കാൻ എളുപ്പമുള്ള ഭാഷയാണ് ഉറുദുവെന്നു തുടർന്ന് സംസാരിച്ച നവാസ് ദയോബന്ദി തന്റെ ഉറുദു കവിത അവതരിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഖുർഷിദ് ആലം (അക്കാദമിക്സ് ), ജയഫർ മൈദാനി (സ്പോർട്സ് ) എന്നിവർ ആഘോഷ പരിപാടികളിൽ സന്നിഹിതരായിരുന്നു. ഉറുദു ദിനം ആഘോഷിക്കുന്ന വിദ്യാർഥികൾക്ക് ഖുർഷിദ് ആലം ആശംസ നേർന്നു.

ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ ജേതാക്കൾ ഉറുദു പദ്യപാരായണം, പ്രസംഗം എന്നിവ അവതരിപ്പിച്ചു. വകുപ്പ് മേധാവി ഇബ്‍ദുർ റഹ്‌മാൻ മത്സര ഫലം പ്രഖ്യാപിച്ചു. ജേതാക്കൾക്കു ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സാറ നന്ദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ