മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിന്റെ 2017-20 കാലയളവിലെ ഭരണസമിയിലേക്കു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണ സമിതിക്ക് അംഗീകാരം. നിലവിലെ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ നയിച്ച പ്രോഗ്രസ്സീവ് പാരന്റ്‌സ് അലയന്‍സ് (പിപിഎ) ആറ് സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തി. ഏഴാമത്തെ അംഗമായി യുനൈറ്റഡ് പാരന്റ്‌സ് പാനലിന്റ (യുപിപി) ചെയര്‍മാന്‍ സ്ഥാനാര്‍ഥി വി.അജയകൃഷ്ണനും വിജയിച്ചു. പാനലിനു പുറത്തു നിന്നുള്ള ഏക വിജയമാണിത്.

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിന്‍സ് നടരാജന്‍ തന്നെയാണ് 2143 വോട്ടുകള്‍ നേടി ഏറ്റവും മുന്‍പില്‍ എത്തിയത്. പിപിഎയുടെ സജി ആന്റണി (1810), എന്‍.എസ്.പ്രേമലത (1704), ബിനു മണ്ണില്‍ വര്‍ഗീസ് (1698), എം.രാജേഷ് (1679), ജയഫര്‍ മൈദാനി (1669) എന്നിവരും യുപിപിയുടെ വി.അജയകൃഷ്ണനും (1597) ആണു വിജയിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഇംഗ്ലീഷ് വകുപ്പിലെ അധ്യാപകനായ ജോണ്‍സണ്‍ കെ.ദേവസ്സി സ്റ്റാഫ് പ്രതിനിധിയായി ഭരണ സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തെ യുപിപിയാണു മല്‍സരിപ്പിച്ചത്. മറ്റു മുന്നണികള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

പിപിഎയുടെ പാനലില്‍ ഉണ്ടായിരുന്ന മുഹമ്മദ് അര്‍ഷാദിനെക്കാള്‍ 41 വോട്ടുകള്‍ നേടിയാണു അജയ്കൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. മലയാളികളുടെ ഏറ്റവും വലിയ പൊതു സ്ഥാപനമായ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ പ്രമുഖ സംഘടനകളെ അണിനിരത്തി മല്‍സരിച്ച യുനൈറ്റഡ് പാരന്റ്‌സ് അലയന്‍സ് (യുപിഎ) മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെട്ടത് അദ്ഭുതമുളവാക്കി. യുപിഎയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് കൈതാരത്ത് 1446 വോട്ടുകള്‍ നേടി.

8667 രക്ഷിതാക്കളില്‍ 4726 പേര്‍ വോട്ടുരേഖപ്പെടുത്തി. 91 വോട്ടുകള്‍ അസാധുവായി. 13 അംഗങ്ങള്‍ അടങ്ങിയതായിരിക്കും ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി. ഏഴു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കൂടാതെ ഒരു സ്റ്റാഫ് പ്രതിനിധിയും മൂന്നു വിദ്യാഭ്യാസ മന്ത്രാലയം നോമിനികളും ഒരു മന്ത്രാലയം നിരീക്ഷകനും പ്രിന്‍സിപ്പലും ഭരണ സമിതിയില്‍ ഉള്‍പ്പെടുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറും ‘സാപ്’ റജിസ്‌ട്രേഡ് കണ്‍സള്‍ട്ടന്റുമായ പ്രിന്‍സ് നടരാജന്‍ ബഹ്‌റൈനിലെ ഒരു പ്രമുഖ പെട്രോ കെമിക്കല്‍ കമ്പനിയില്‍ സീനിയര്‍ സിസ്റ്റംസ് ആന്റ് നോളജ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. വീണ്ടും സ്‌കൂളിന്റെ ഭരണ ചുമതല ഏല്‍പ്പിച്ച രക്ഷിതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. വിദ്യാഭ്യാസ മികവും ഭരണ സുതാര്യതയും സാമ്പത്തിക സുസ്ഥിരതയും കൊണ്ടുവന്നതിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിട്ടേണിങ്ങ് ഓഫീസര്‍മാരായ ലെനി പി.മാത്യു, വീണ അറോറ, മുഹമ്മദ് ഗൗസ് മുഹമ്മദ് സലിം, തോമസ് മത്തായ് എന്നിവര്‍ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. സുഗമമായി തിരഞ്ഞെടുപ്പു പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച രക്ഷിതാക്കളേയും അധ്യാപകരേയും ലെനി പി.മാത്യു അഭിനന്ദിച്ചു. സ്‌കൂള്‍ ലെയ്‌സണ്‍ ഓഫീസര്‍ റജി വര്‍ഗീസ്, പയസ് മാത്യു, എസ് ശ്രീകാന്ത് എന്നിവര്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. സുഗമമായി തിരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തീകരിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി നന്ദി പറഞ്ഞു.

എം.രാജേഷ്, ജയഫര്‍ മൈദാനി, ജോണ്‍സണ്‍ കെ.ദേവസ്സി, വി.അജയകൃഷ്ണന്‍

ജനാധിപത്യരീതിയില്‍ നടന്ന വോട്ടെടുപ്പില്‍ 32 സ്ഥാനാര്‍ഥികള്‍ ആയിരുന്നു മത്സരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച തിരെഞ്ഞെടുപ്പു പ്രക്രിയ ഇന്നലെ രാവിലെയാണ് അവസാനിച്ചത്. നിലവിലെ ഭരണ സമിതിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. എന്നാല്‍ അക്കാദമിക് രംഗത്തുണ്ടായക്കിയ മുന്നേറ്റവും സാമ്പത്തിക അച്ചടകവും അഴിമതി വിരുദ്ധ പ്രതിച്ഛായയും പ്രിന്‍സ് നടരാജനു അനുകൂലമായി.

ആകെ ആറു പെട്ടികളില്‍ ആയിരുന്നു വോട്ട് ചെയ്ത ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ പ്രിന്‍സ് നടരാജന്‍ ലീഡ് നിലനിര്‍ത്തിയിരുന്നു. ഏഴാം സ്ഥാനത്തു വന്നിട്ടുള്ള അജയ് കൃഷ്ണന്റെ ലീഡ് മാത്രമാണ് ഇടയ്ക്കു കൂടിയും കുറഞ്ഞുമിരുന്നത്. എന്നാല്‍, അവസാന നാല് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും അജയകൃഷ്ണന്‍ തൊട്ടെതിരാളിയെക്കാള്‍ 41 വോട്ടിന്റെ ലീഡ് നിലനിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ