മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ മെഗാഫെയര്‍ 12, 13 തീയതികളില്‍ സകൂളില്‍ നടക്കുമെന്ന് സ്‌കൂള്‍ ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൊഹമ്മദ് മഅലീം ജനറല്‍ കണ്‍വീനറായ സംഘാടകസമിതി വിപുലമായ പരിപാടികളാണ് ഫെയര്‍ വന്‍ വിജയിപ്പിക്കാനായി ആവിഷ്‌കരിച്ചിട്ടുള്ളത്. നക്വാഷ് അസീസ് നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഇന്ത്യന്‍ സംഗീത നിശ 12നും പിന്നണിഗായകരായ ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജും നയിക്കുന്ന സൗത്ത് ഇന്ത്യന്‍ സംഗീത നിശ 13നും നടക്കും. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും മുന്‍ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിവിധമേഖലയില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശനവും ഫുഡ്‌ഫെസ്റ്റിവെലും അടക്കം നിരവധി പരിപാടികള്‍ ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിച്ചതായും അവര്‍ അറിയിച്ചു.

ഫെയറില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂള്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, അധ്യാപകരുടെ ക്ഷേമപ്രവര്‍ത്തനങ്ങൾക്കുമാണ്. വിവരണാധീതമായ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഒരു കമ്യൂണിറ്റി സ്‌കൂള്‍ എന്ന നിലക്ക് ലാഭാധിഷ്ഠിതമായി മാത്രമല്ല അശരണരെ സഹായിക്കുക എന്നതു കൂടി സ്‌കൂളിന്റെ ഉത്തരവാദിത്വമാണെന്ന് സ്‌കൂളിന്റെ ഉടമകളായ രക്ഷിതാക്കളും മാനേജിങ് കമ്മിറ്റിയും വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഫെയറിന്റെ നിര്‍ദ്ദേശം ജനറല്‍ ബോഡിയില്‍ വന്നപ്പോള്‍ എല്ലാവരും സര്‍വാത്മനാ അംഗീകരിച്ചത്. ജിസിസിയില്‍ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഈ സ്ഥാപനം ഏകദേശം ആയിരത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി സഹായിക്കുന്നത്. പ്രവാസി സമൂഹം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ഫീസ് ഉയര്‍ത്തുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടാണ് ഇത്തരം സംരംഭങ്ങള്‍ ഉപയോഗിച്ചു സ്‌കൂള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നത്.

സ്‌കൂള്‍ ഏറ്റെടുക്കുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്‌പെഷല്‍ എജ്യൂക്കേഷന്‍ സെന്റര്‍ തുടങ്ങും. മന്ത്രാലയത്തിന്റെ അംഗീകാരത്തിന്റെ പരിശോധനയുടെ അവസാനഘട്ടത്തിലാണ് ഇത്. പ്രവാസി സമൂഹത്തിലെ നിരവധി കുടുംബങ്ങളിലെ കുട്ടികളില്‍ ഓട്ടിസം അടക്കം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ കമ്മിറ്റി അധ്യാപകരുടെ ആനുകൂല്യം അടക്കം നല്‍കാനുള്ള റിസര്‍വ് ഫണ്ട് ബാങ്കില്‍ ജാമ്യം നല്‍കി വായ്പ എടുത്തതിന്റെ ഫലമായി അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ പ്രയാസം അനുഭവിക്കുന്ന അവസ്ഥയാണുള്ളത്. അതോടൊപ്പം റിഫ കാമ്പസിന്റെ വാടകയും വായ്പയും 2016 മുതലാണ് പ്രാബല്യത്തില്‍ വന്നത്. സ്‌കൂളിന്റെ വരുമാനമായ ഫീസ് മാത്രം ഉപയോഗിച്ച് ഇത് എല്ലാം പരിഹരിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് തത്വധിഷ്ഠിതമായ വിയോജിപ്പ് ഉണ്ടെങ്കിലും ഇത്തരം സംരംഭകളില്‍ ഏര്‍പ്പെടുന്നത്. ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഫെയറില്‍ നിന്നും ലഭിച്ച വരുമാനം പൂര്‍ണമായും ഉപയോഗിച്ചത് ഇതുപോലുള്ള സ്‌കൂളിന്റെ സമ്പത്തിക പ്രതിസന്ധിമറികടക്കാനാണ്. 1,60,000 ദിനാറാണ് കഴിഞ്ഞ ഫെയറില്‍ നിന്ന് ലഭിച്ച വരുമാനം. രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റേയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ സ്‌കൂളിന്റെ എക്കാലത്തേയും വലിയ ഈ ധനസമാഹരണം നടത്താന്‍ കഴിഞ്ഞത്.

ക്ലബ്ബ് സംസ്‌കാരം പൂര്‍ണമായി ഇല്ലായ്മ ചെയ്തതിന്റെ ഫലമായി ഏകദേശം ഒരു ലക്ഷം ദിനാര്‍ സ്‌കൂളിന് ലാഭകരമാക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നോണ്‍ അക്കാദമിക്ക് തലത്തിലുള്ള ഉന്നമനവും അധ്യാപകരുടെ ക്ഷേമവുമാണ് ഈ കമ്മിറ്റിയുടെയും അവരെ സഹായിക്കുന്നവരുടെയും ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

സ്‌കൂളിനെതിരെയും, ഫെയറിനെതിരെയും വളരെ തെറ്റായ പ്രചരണമാണ് ചിലര്‍ നടത്തുന്നത്. 2013 ല്‍ നടത്തിയ ഫെയറില്‍ 40,000 ദിനാര്‍ ഇപ്പോഴും സ്‌കൂളിന് ലഭിക്കാനുണ്ട്. ഇത് ഓഡിറ്റ് ചെയ്ത് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചതാണ്. പണം തരുവാനുള്ളവരെ സമീപിച്ചപ്പോള്‍ ആര്‍ക്കും ഒന്നും അറിയില്ല എന്നാണ് ലഭിക്കുന്ന ഉത്തരം. അതുകൊണ്ട് എഴുതി തള്ളാനാണ് ജനറല്‍ ബോഡിയില്‍ നിര്‍ദ്ദേശം വന്നത്. കഴിഞ്ഞ ഫെയര്‍ സ്‌കൂള്‍ ചരിത്രത്തിലെ ഏറ്റവും അധികം ഫണ്ട് സമാഹരിച്ചു എന്നു മാത്രമല്ല കേവലം 2000 ദിനാറില്‍ താഴെ മാത്രമാണ് പിരിഞ്ഞു കിട്ടാനുള്ളത്. നടക്കാന്‍ പോകുന്ന ഫെയറിനെ അടക്കം പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണങ്ങളെ രക്ഷിതാക്കള്‍ തിരിച്ചറിയും.

ഒരു കമ്യൂണിറ്റി സ്‌കൂള്‍ എന്ന നിലക്ക് സ്‌കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി നടക്കുന്ന എല്ലാ പരിപാടികളിലും മുഴുവന്‍ പ്രവാസി സ്മൂഹത്തിന്റെയും സഹായം ആവശ്യമാണ്. ഈ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം ഒരു കച്ചവട താല്പര്യക്കാരുടെയും ദുരുദ്ദേശത്തോടെയുള്ള ഒരു പ്രവര്‍ത്തനത്തിനും സ്‌കൂളിനെ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ല. അതാണ് പലര്‍ക്കും പ്രകോപനമായത്. ഫെയര്‍ കമ്മിറ്റിയില്‍ ഭൂരിഭാഗവും രക്ഷിതാക്കളല്ല എന ആരോപണം ഇതിന്റെ ഭാഗമാണ്.

ആരോപണം ഉന്നയിക്കുന്നവര്‍ സ്‌കൂളിന്റെ ഗുണപരമായ പ്രവര്‍ത്തനത്തിന് നിദാനമാകുന്ന ക്രിയാത്മ ചര്‍ച്ചകളില്‍ ഒന്നും ഭാഗഭാക്കാവാതെ മാറി നില്‍ക്കുകയോ ആ സമയത്ത് അവിടെ നിന്നും പോകുകയോ ആണ് ചെയ്തുവരുന്നത്. അതുകൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങള്‍ പലതും ഇവര്‍ അറിയാതെ പോകുന്നത്. സ്‌കൂള്‍ ഫെയര്‍ അടക്കമുള്ള എല്ലാ പരിപാടികളും സ്‌കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കിയുള്ളതാണ്. സ്‌കൂളിന്റെ ഉത്തമ താല്പര്യങ്ങള്‍ക്ക് എതിരായി ദുഷ്‌പ്രചരണം നടത്തുന്നവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്‍, സെക്രട്ടറി ഡോ ഷെമിലി പി.ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയ്ഫര്‍ മൈദാനി, സജി ആന്റണി, ഭൂപീന്ദര്‍ സിങ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ സുധിര്‍ കൃഷ്ണന്‍, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, ഫെയര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മാലിം എന്നിവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook