മനാമ: ഓടിക്കൊണ്ടിരിക്കെ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബസിനു തീപിടിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പെട്ടന്ന് ബസില്‍നിന്നിറക്കാനായതില്‍നാല്‍ വന്‍ ദുരന്തം ഒഴിവായി.

ചൊവ്വാഴ്ച രാവിലെ 6.40 ഓടെയാണ് അപകടം. കുട്ടികളെ സ്‌കൂളിലിറക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. വദ്യാര്‍ത്ഥികളുമായി വരികയായിരുന്ന മുപ്പതിയഞ്ചാം നമ്പർ ബസിന് തീപിടിച്ചത്. ഇസാ ടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗേറ്റിനു സമീപത്തിയപ്പോള്‍ ബസിന്റെ എന്‍ജിനില്‍നിന്നും പുകയും ഉയരുന്നത് ബസിലെ ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ ഇവര്‍ ഇക്കാര്യം ഡ്രൈവറെ അറിയിക്കുയും ഡ്രൈവര്‍ ഡോറുകളും എമര്‍ജന്‍സി ഡോറും തുറന്ന് ബസ് നിര്‍ത്തുകയുമായിരുന്നു.

സംഭവം കണ്ട സ്‌കൂളിലെ ട്രാന്‍സ്‌പോര്‍ട്ട് ചുമതലയുള്ള ജീവനക്കാര്‍ ഉടന്‍ ബസില്‍കയറി കുട്ടികളെ പുറത്തിറക്കാന്‍ സഹായിച്ചു.
ബസില്‍ 50 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടികളെ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് സുരക്ഷിതമായി എത്തിച്ചു. വിദ്യാര്‍ത്ഥികള്‍ എല്ലാം ഇറങ്ങിയെന്ന് അധ്യാപകരും ജീവനക്കാരും ഡ്രൈവറും ഉറപ്പുവരുത്തി. കുട്ടികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയ ഉടനെ തീ ആളിപ്പടര്‍ന്നു. ബസിന്റെ മുന്‍ ഭാഗത്ത് എന്‍ജിനില്‍നിന്നാണ് തീ പടര്‍ന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊലിസും സിവില്‍ ഡിഫന്‍സ് ഫയര്‍ യൂണിറ്റും സ്ഥലത്തെത്തി തീയണച്ചു. ബസിന്റെ 80 ശതമാനവും കത്തി നശിച്ചു. വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്ത്യന്‍ സ്‌കൂളിനുവേണ്ടി സര്‍വീസ് നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടേതാണ് ഈ ബസ്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി സ്‌കൂള്‍ അധികൃതരുടെയും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെയും അടിയന്തിര യോഗം വിളിക്കുയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും കുട്ടികള്‍ എല്ലാം സുരക്ഷിതരാണെന്നും സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അറിയിച്ചു.

bus fire, indian school,

ഇന്ത്യൻ സ്‌കൂൾ ബസ് കത്തി നശിച്ച നിലയിൽ

കാമ്പസിലെ ഓരോ കുട്ടിയുടെയും സുരക്ഷക്കും സുരക്ഷിതത്വത്തിനും സ്‌കൂള്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം സംഭവം ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. എല്ലാ അടിയന്തിര സംവിധാനങ്ങളും രംഗത്തുണ്ടായിരുന്നതായും അതാണ് കുട്ടികളെ ബസില്‍നിന്നും പുറത്തിറങ്ങാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ