ഷാർജ: യുഎയിലെ പ്രിയപ്പെട്ട വിനോദകേന്ദ്രമായ ഷാർജ അൽ ഖസ്ബയിൽ ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷ രാവ്. രണ്ട് ദശലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഗൃഹാതുരമായ അനുഭവങ്ങളൊരുക്കാൻ സംഗീതവും നൃത്തവും രുചിമേളവും മത്സരങ്ങളുമെല്ലാമടങ്ങുന്ന നിരവധി ആഘോഷങ്ങളാണ് അൽ ഖസ്ബയും സ്‌ട്രൈക്കേഴ്‌സ് ഡാൻസ് എന്റർടൈൻമെന്റും ചേർന്നൊരുക്കുന്നത്. നവംബർ രണ്ടിന് (വെള്ളിയാഴ്ച) നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം തീർത്തും സൗജന്യമാണ്.

നടനും പ്രശസ്ത സംഗീതജ്ഞനുമായ എം.ജെ ശ്രീറാം നയിക്കുന്ന ഗാനമേളയാണ് ‘ഇന്ത്യൻ നെറ്റിന്റെ’ പ്രധാന ആകർഷണം. ‘അഴലിന്റെ ആഴങ്ങളിൽ’ എന്ന ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സിൽ കൂടുകൂട്ടിയ ഗായകൻ നിഖിൽ മാത്യു, കെ.എസ്.അഖില തുടങ്ങിയവർ സംഗീതവിരുന്നുമായി വേദിയിലെത്തും. യുഎഇയിലെ ആദ്യത്തെ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തപരിപാടികളോടൊപ്പം രംഗോലി, ദിപാവലി റെസിപ്പി തുടങ്ങി എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്കും പങ്കെടുക്കാവുന്ന നിരവധി മത്സരങ്ങളും സ്‌ട്രൈക്കേഴ്‌സ് ഡാൻസ് എന്റെർറ്റൈന്മെന്റിന്റെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്. ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങുന്ന സ്ത്രീ, കുട്ടികൾ, ദമ്പതികൾ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്.

”ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇതുപോലുള്ള ആഘോഷങ്ങൾ. പ്രവാസികളും അവരുടെ ഇടപെടലുകളും സാംസ്‌കാരിക തനിമയും യുഎഇയുടെ ഭാഗം തന്നെയാണ്. പല രാജ്യങ്ങളിൽ നിന്നുള്ളവർ ഒന്നായി ജീവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന യുഎഇയെ മറ്റുള്ള പല രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നതും ഈ വൈവിധ്യമാണ്. ഇന്ത്യൻ പ്രവാസി സമൂഹത്തിനു ഗൃഹാതുരമായ അനുഭവം പകരുന്ന, മറ്റുള്ള രാജ്യക്കാർക്ക് ഇന്ത്യൻ സംസ്കാരത്തെ പരിചയപ്പെടുത്തുന്ന സാംസ്‌കാരിക ആഘോഷമായി ഇന്ത്യൻ നൈറ്റ് മാറുമെന്നാണ് പ്രതീക്ഷ” – അൽ ഖസ്ബ മാനേജർ ഖുലൂദ്‌ സലിം അൽ ജുനൈബി പറഞ്ഞു.

വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി പതിനൊന്ന് വരെയാണ് ‘ഇന്ത്യൻ നൈറ്റ്’ ആഘോഷങ്ങൾ അരങ്ങേറുക. വൈകുന്നേരം ആറ് മണിയോടെയാണ് സംഗീതപരിപാടികൾ. ഷാർജ രാജ്യാന്തര പുസ്തകമേള നഗരിയിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് അൽ ഖസ്ബ എന്നതുകൊണ്ട് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഈ വെള്ളിയാഴ്ച അവധിക്ക് ഇരട്ടിമധുരമാവുമെന്ന് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook