മനാമ: അനധികൃതമായി ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ ഇന്ത്യന്‍ വനിത ഡോക്ടര്‍ അറസ്റ്റിലായി. ഗര്‍ഭ ചിത്രം നടത്താനുള്ള മരുന്നുകളും വിവിധ രാജ്യങ്ങളുടെ കറന്‍സികളും ഇവരില്‍ നിന്ന് പിടികൂടി. മുഹറഖിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന ഡോക്ടറെ കഴിഞ്ഞ ദിവസം വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.

നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍എച്ച്ആര്‍എ)യും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. ഡോക്ടറുടെ പ്രവൃത്തിയെക്കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡോക്ടറുടെ അറസ്റ്റുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തമിഴ്‌നാട് സ്വദേശിനിയാണ് ഡോക്ടര്‍. ഇവര്‍ കഴിഞ്ഞ കുറച്ചു കാലമായി അനധികൃതമായി ഇത്തരം പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് വിവരം. ഇവരില്‍ നിന്നും ഇതിനായുള്ള അനധികൃത മരുന്നുകളും വന്‍തോതില്‍ കണ്ടെടുത്തത് ഇക്കാര്യം സ്ഥിരീകരിക്കുകയാണ്. ഇന്ത്യക്കാര്‍ നടത്തുന്ന ആശുപത്രിയാണിത്. ഡോക്ടര്‍ അറസ്റ്റിലായ ഉടന്‍ സോഷ്യല്‍ മീഡിയായില്‍ ഇവരുടെ പേരും ആശുപത്രി പേരും വന്നിരുന്നു. എന്നാല്‍ ഡോക്ടറുടേയോ ആശുപത്രിയുടെയോ പേരു വിവരം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ