കുവൈത്ത് സിറ്റി: ഖറാഫി നാഷണൽ അടക്കമുള്ള കമ്പനികളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികളുടെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനങ്ങളെടുക്കുമെന്ന് സൂചന. കുവൈത്ത് തൊഴിൽ- സാമൂഹ്യകാര്യ വകുപ്പ്‌ മന്ത്രി ഹിന്ദ്‌ അൽ-സബീഹ്‌ കുവൈത്തിൽ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എം.ജെ.അക്ബറുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടാകുമെന്ന ധാരണയുണ്ടായതെന്ന്‍ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

തുടർ നടപടികൾക്കായി ശമ്പളവും, ആനുകൂല്യങ്ങളുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ വിവരങ്ങൾ കൈമാറാൻ ഇന്ത്യൻ എംബസിയോട്‌ തൊഴിൽ മന്ത്രി ആവശ്യപ്പെട്ടു. ഇരുനൂറോളം വരുന്ന തൊഴിലാളികൾ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിയെക്കാണാൻ എംബസിയിൽ തടിച്ചു കൂടിയിരുന്നു. തൊഴിലാളികളിൽ പലർക്കും വിസ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകണമെങ്കിൽ പിഴ അടക്കേണ്ട സാഹചര്യമാണുള്ളത്‌. 2 ദിവസത്തിനകം തൊഴിലാളികളുടെ വിവരങ്ങൾ കുവൈത്ത് തൊഴിൽമന്ത്രാലയത്തിനു കൈമാറുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്‌.

അതേസമയം ഖറാഫി നാഷണൽ കമ്പനിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ വിവരങ്ങൾ കൈമാറാൻ ഇന്ത്യൻ എംബസി തൊഴിലാളികളൊട്‌ അഭ്യർത്ഥിച്ചു. പേര്, പാസ്പോർട്ട്‌ നമ്പർ, സിവിൽ ഐഡി, ക്യാമ്പ്‌, പ്രൊജക്റ്റ്‌, തൊഴിൽ, റിലീസ്‌ ആവശ്യമുണ്ടോ തുടങ്ങിയ വിവരങ്ങൾ labour@indembkwt.com എന്ന ഇമെയിൽ വിലാസത്തിലേക്ക്‌ ഉടൻ അയക്കണം. ആയിരക്കണക്കിനു തൊഴിലാളികളാണു കഴിഞ്ഞ ഒന്നര വർഷത്തോളമായി ശമ്പളവും, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടേയും കുറവ്‌ മൂലം ദുരിതമനുഭവിക്കുന്നത്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook