കൊച്ചി/ജിദ്ദ: ഹജ്ജ് പൂര്‍ത്തിയായതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്ന് മുതല്‍ മടങ്ങും. ആദ്യ സംഘം വെള്ളിയാഴ്ച രാത്രി 10.45നു കൊച്ചിയിലെത്തും. സൗദി സമയം വൈകിട്ട് മൂന്നിനു ജിദ്ദയില്‍ നിന്നു പുറപ്പെടുന്ന വിമാനത്തില്‍ 377 തീര്‍ഥാടകരാണുള്ളത്.
ജൂണ്‍ നാലിനു കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനത്തിലെ തീര്‍ഥാടകരാണു നാളെ തിരിച്ചെത്തുന്നത്. സൗദി എയര്‍ലൈന്‍സിന്‍റെ എസ്.വി 5702 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഹാജിമാരെ മന്ത്രി വി അബ്ദുറഹ്‌മാന്റെയും ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തില്‍ സ്വീകരിക്കും.
വൈകീട്ട് 4.55നു മറ്റൊരു വിമാനം കൂടി ജിദ്ദയില്‍നിന്നു കൊച്ചിയിലേക്കു തിരിക്കും. 376 തീര്‍ഥാടകരെ കൊണ്ടുവരുന്ന ഈ വിമാനം രാത്രി 12.40നാണ് എത്തുക.
മദീന വഴി മക്കയിലെത്തിയ തീര്‍ഥാടകര്‍ ജിദ്ദയില്‍നിന്നാണു മടങ്ങുന്നത്. മടക്ക യാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ ഹജ് മിഷന്‍ അധികൃതര്‍ അറിയിച്ചു. മടക്ക യാത്രയ്ക്കായി 21 വിമാനങ്ങളാണു സൗദി എയര്‍ലൈന്‍സ് കൊച്ചിയിലേക്കു ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് അവസാന വിമാനം. രോഗികളായ ഹാജിമാരെ നേരത്തെ നാട്ടിലെത്തിക്കും.
ജംറകളിലെ കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനായില്‍നിന്നു ചൊവ്വാഴ്ച വൈകിട്ടോടെ അസീസിയയിലെ താമസ സ്ഥലത്തെത്തിയിട്ടുണ്ട്. വിടവാങ്ങല്‍ കഅ്ബ പ്രദക്ഷിണം നടത്തുന്ന തീര്‍ഥാടകരെ മടക്കയാത്രയുടെ സമയ ക്രമമനുസരിച്ച് ജിദ്ദ വിമാനത്താവളത്തിലെത്തിക്കും.
ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ബസുകളിലാണു ഹാജിമാരെ എത്തിക്കുക.
വിടവാങ്ങല്‍ കഅ്ബ പ്രദക്ഷിണം നടത്തി 12 മണിക്കൂര്‍ മുമ്പ് റൂമില്‍ തിരിച്ചെത്തണമെന്നാണു ഹാജിമാരോട് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. യാത്രാസമയത്തിന് ആറു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. മക്കയിലുള്ള ഹാജിമാര്‍ ജിദ്ദയിലെത്താനുള്ള സമയം കൂടി കൂട്ടുമ്പോള്‍ മൂന്നു മണിക്കൂര്‍ കൂടി മുന്‍പ് വിമാനത്താവളത്തിലേക്കു പുറപ്പെടും.
മൊത്തം 40 കിലോ വരെയുള്ള രണ്ടു ബാഗേജുകളാണു ഹാജിമാര്‍ക്കു കൊണ്ടുവരാന്‍ കഴിയുക. ഏഴു കിലോ വരെയുള്ള ബാഗേജ് കൂടെ കൊണ്ടുപോകാനും കഴിയും. യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഹജ്ജ് സര്‍വിസ് കമ്പനികളുടെ സഹായത്തോടെ ലഗേജുകള്‍ 24 മണിക്കൂര്‍ മുന്‍പേ വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചിട്ടുണ്ട്.
ഹാജിമാര്‍ക്കുള്ള സംസം വെള്ളം വിമാനത്താവളത്തില്‍നിന്നു ഹാജിമാര്‍ക്കു ലഭിക്കും. അഞ്ച് ലിറ്റര്‍ ബോട്ടില്‍ വെള്ളമാണു ലഭിക്കുക. ഇവ നേരത്തെ തന്നെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
79,468 തീര്‍ത്ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജിനെത്തിയത്. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമന്‍ ആന്‍ഡ് നിക്കോബര്‍ എന്നിവിടങ്ങളില്‍ നിന്നായി 7727 പേരാണ് കൊച്ചിയില്‍നിന്നു പോയത്. ഇതില്‍ 5,765 പേരാണ് മലയാളികള്‍.
അതിനിടെ, മദീന സന്ദര്‍ശനം പൂര്‍ത്തിയാകാത്ത ഹാജിമാരുടെ അങ്ങോട്ടുള്ള യാത്ര നാളെ ആരംഭിക്കും. ഇവര്‍ എട്ടു കഴിഞ്ഞ് മദീനയില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങും. ആദ്യ വിമാനം 24ന് മുംബൈയിലേക്കാണ്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയ തീര്‍ഥാടകരുടെ മടക്ക യാത്ര സംബന്ധിച്ച ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.