മനാമ: 12 കാരിയായ ഇന്ത്യന്‍ ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഹൈ ക്രിമിനൽ കോടതിയില്‍ വിചാരണ തുടങ്ങി. അയല്‍ക്കാരിയായ കുട്ടിയെ രക്ഷിതാക്കള്‍ പുറത്തു പോയ സമയത്ത് പീഡിപ്പിച്ച കേസില്‍ മലയാളിയായ 52 കാരനാണു വിചാരണ നേരിടുന്നത്.
പ്രതി ഇപ്പോള്‍ ഡ്രൈഡോക്ക് ഡിറ്റന്‍ഷന്‍ സെന്ററില്‍ റിമാന്റില്‍ കഴിയുകയാണ്.

പ്രതിയെ പ്രോസിക്യൂട്ടര്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പീഡനക്കുറ്റം ചുമത്തി. പ്രതിക്കു ജീവപര്യന്തം തടവു വിധിച്ച് 25 വര്‍ഷം ജയിലിലിടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സ്‌കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സലിങ്ങിലാണു കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്നു രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബഹ്‌റൈനിലെ നിയമ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കേസുമായി മുന്നോട്ടു പോകുമെന്നും രക്ഷിതാവു പ്രതികരിച്ചു. തങ്ങളുടെ കുട്ടി പീഢനത്തിന്റെ ആഘാതത്തില്‍ നിന്നു മോചിതയായി വരികയാണെന്നും ഇത്തരം ഒരനുഭവം ഒരുകുട്ടിക്കും ഉണ്ടാവാന്‍ പാടില്ലെന്നും അതിനാല്‍ കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പിതാവ് പറഞ്ഞു. കേസ് സംബന്ധിച്ചു ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വ്യാപകമായി കിംവദന്തികള്‍ പ്രചരിക്കുന്നതായും പിതാവ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ