കുവൈത്ത്​ സിറ്റി: മതന്യൂനപക്ഷങ്ങള്‍ക്കും ദലിതർക്കുമെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്നേഹികളെയും അണിനിരത്തി കെഐജി കുവൈത്ത്‌ “ഫാഷിസ്​റ്റ്​ വിരുദ്ധ സഹോദര്യ സംഗമം” സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ 5.30ന് അബ്ബാസിയ ടൂറിസ്റ്റിക്​ പാര്‍ക്കിന്​ സമീപമുള്ള മറീന ഹാളില്‍ നടന്ന പരിപാടിയിൽ എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എൻ.കുഞ്ഞഹമ്മദ്​ മുഖ്യപ്രഭാഷണം നടത്തി.

ക്ലാസിക്കൽ ഫാസിസത്തേക്കാൾ അപകടകരവും ആഴത്തിൽ വേരുകളുള്ളതുമാണ്​ ഇന്ത്യൻ ഫാഷിിസമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വൈവിധ്യവും നിലനിർത്തിക്കൊണ്ട്​ തന്നെ ജനാധിപത്യ സംരക്ഷണത്തിനായി ഒരുമിക്കണം. ജാതിമേൽക്കോയ്​മയുടെ ഭാഗമായ അദൃശ്യ ഭരണകൂടവും ഫാസിസ്​റ്റ്​ പ്രത്യക്ഷ ഭരണകൂടവും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്​. ഈ വെല്ലുവിളിയെ വിലകുറച്ച്​ കാണരുത്​. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ക്ക് കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ്​ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്​. എല്ലാ ഭിന്നതകളും മാറ്റിവെച്ച്​ ഈ വിപത്തിനെതിരെ ഒന്നിച്ചണിനിരക്കേണ്ടത്​ അനിവാര്യമാണ്​. ഈ ഘട്ടത്തിലും നാം ഉണർന്ന്​ പ്രവർത്തിച്ച്​ പ്രതിരോധം ഉയർത്തിയില്ലെങ്കിൽ രാജ്യത്തി​ന്റെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

kuwait

കെ.​ഐ.ജി പ്രസിഡന്റ്​ ഫൈസൽ മ​ഞ്ചേരി അധ്യക്ഷത വഹിച്ചു. ജോൺ മാത്യു, കല കുവൈത്ത്​ ജനറൽ സെക്രട്ടറി ജെ.സജി, സീറോ മലബാർ സഭ പ്രതിനിധി ജോർജ് കാലയിൽ, സാംകുട്ടി തോമസ്​, ഒഐസിസി പ്രതിനിധി കൃഷ്​ണൻ കടലുണ്ടി, ​ഐഎംസിസി ചെയർമാൻ സത്താർ കുന്നിൽ, കുവൈത്ത്​ കെഎംസിസി പ്രതിനിധി ബഷീർ ബാത്ത, ഇന്ത്യൻ ഇസ്​ലാഹി സെന്റർ പ്രതിനിധി സയ്യിദ്​ അബ്​ദുറഹ്​മാൻ, കെകെഐസി ജനറൽ സെക്രട്ടറി ടി.പി.അബ്​ദുൽ അസീസ്​, ആം ആദ്​മി സൊസൈറ്റി പ്രസിഡന്റ്​ മുബാറക്​ കാ​മ്പ്രത്ത്​, കെകെഎംഎ വൈസ്​ ചെയർമാൻ അബ്​ദുൽ ഫത്താഹ്​ തയ്യിൽ, ബാബുജി ബത്തേരി, ശ്രീംലാൽ മുരളി, അനിയൻകുഞ്ഞ്​, വനിതാ വേദി നേതാവ്​ ടോളി തോമസ്​, ഇസ്​ലാമിക്​ വിമൻസ് അസോസിയേഷൻ പ്രസിഡന്റ്​ മഹ്​ബൂബ അനീസ്​, യൂത്ത്​ ഇന്ത്യ പ്രസിഡന്റ്​ സി.കെ.നജീബ്​, ഇസ്​ലാമിക്​ കൗൺസിൽ നേതാവ്​ ഹംസ ബാഖവി, പി.സി.എഫ്​ ​പ്രതിനിധി അഹമ്മദ്​ കീരിത്തോട്​ എന്നിവർ സംസാരിച്ചു.

ഡോക്യുമെന്ററി അവതരണത്തിന്​ റഫീഖ്​ ബാബു, ജസീല്, ഫാഇസ് എന്നിവർ നേതൃത്വം നൽകി. കെ.ഐ.ജി വൈസ്​ പ്രസിഡന്റ്​ സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗം നിർവഹിച്ചു. ആക്​ടിങ്​ ജനറൽ സെക്രട്ടറി എം.കെ.നജീബ്​ സ്വാഗതവും വെസ്​റ്റ്​ മേഖല പ്രസിഡന്റ്​ ഫിറോസ്​ ഹമീദ്​ നന്ദിയും പറഞ്ഞു. മനാഫ് പുറക്കാട് ഖിറാഅത്ത് നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ