മനാമ: കോവിഡ് കാരണം പ്രതിസന്ധിയിലായവര്‍ക്ക് ടിക്കറ്റ് സംഘടിപ്പിക്കാന്‍ പ്രവാസി സംഘടനകള്‍ നെട്ടോട്ടമോടുമ്പാള്‍ ബഹ്‌റൈനിൽ എംബസി ക്ഷേമനിധിയില്‍ കെട്ടികിടക്കുന്നത് കോടികള്‍. വിവരാവകാശ പ്രകാരം ജൂണ്‍ ഏഴിന് ലഭിച്ച രേഖകള്‍ അനുസരിച്ച് ആറേകാല്‍ കോടിയലധികം രൂപയാണ് പ്രവാസികളില്‍ നിന്ന് ശേഖരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലിഫ് ഫണ്ടിലുളളത് (ഐ.സി.ഡബ്യു.എഫ്). 2019-ല്‍ മാത്രം 1.23 കോടിയാണ് ഈ ഫണ്ടിലേക്ക് പ്രവാസികളുടെ വിയര്‍പ്പില്‍ നിന്ന് നല്‍കിയത്.
Read More: പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന തീയതി നീട്ടി
റിയാദ് എംബസി (23.50 കോടി), ദുബൈ കോണ്‍സുലേറ്റ് (23.75 കോടി) എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹ്‌റൈനില്‍ കെട്ടി കിടക്കുന്ന തുക ചെറുതാണെങ്കിലും പ്രവാസികളുടെ എണ്ണവും രാജ്യത്തിന്റെ വലിപ്പവും കണക്കിലെടുക്കുമ്പോള്‍ ഇത് വന്‍തുകയാണ്. മൂന്ന് ലക്ഷത്തോളം പ്രവാസികള്‍ മാത്രമുളള ബഹ്‌റൈനിലെ അര്‍ഹരായ പ്രവാസികള്‍ക്കെല്ലാം ടിക്കറ്റ് നല്‍കിയാലും കോടികള്‍ പിന്നെയും ബാക്കിയുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക ശേഷിയില്ലാത്ത ആയിരം പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയാലും നാല് കോടിയലധികം പിന്നെയും ഫണ്ടില്‍ ബാക്കിയുണ്ടാകും. എന്നിട്ടും ഫണ്ടില്‍ നിന്ന് അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കാതെ സാങ്കേതികത്വം പറഞ്ഞ് കൈമലര്‍ത്തുകയാണ് എംബസിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.


ജോലി നഷ്ടമായതിനെ തുടര്‍ന്ന് മുന്ന് മാസമായി വരുമാനം നിലച്ചൊരാള്‍ക്ക് ടിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്ദേഭാരത് മിഷനില്‍ പോകുന്നവര്‍ക്ക് ഈ ഫണ്ടില്‍ നിന്ന് കൊടുക്കാനാവില്ലെന്ന് എംബസിയില്‍ നിന്ന് അറിയിച്ചതായി സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന സാംസ്കാരിക സംഘടനയായ ‘പ്രതിഭ’യുടെ ഭാരവാഹി ശ്രീജിത്ത് പനയുളളത്തില്‍ പറഞ്ഞു. ദുരിതത്തിലായ പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ഉപയോഗിക്കാമെന്ന് ഈ ഫണ്ടിന്റെ മാര്‍ഗ്ഗരേഖയില്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് എംബസിയുടെ ഈ പ്രതികരണം. മാത്രമല്ല മെയ് എട്ടിനും ജൂണ്‍ രണ്ടിനുമിടയില്‍ വന്ദേഭാരത് മിഷനില്‍ യാത്ര ചെയ്ത രണ്ട് പേര്‍ക്ക് ഈ ഫണ്ടില്‍ നിന്ന് ടിക്കറ്റ് നല്‍കിയതായി വിവരാവകാശം പ്രകാരം ലഭിച്ച രേഖയില്‍ എംബസി അറ്റാഷെ ബിംല ചൗഹാന്‍ വ്യക്തമാക്കുന്നു.
പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് അധികമായി ഈടാക്കുന്ന തുകയിൽ നിന്നാണ് ഐ.സി.ഡബ്യു.എഫിലേക്ക് പണം കണ്ടെത്തുന്നത്. പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്ക് നൽകുന്ന ഫീസിന് പുറമെ ഒരു ബഹ്റൈൻ ദിനാർ (200 രൂപയോളം ) ഈ ഫണ്ടിലേക്കായി ഈടാക്കും.
Read More: പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; രോഗവ്യാപനം തടയാനെന്ന് സർക്കാർ
എംബസിയുടെ ഈ നിലപാടില്‍ പ്രവാസി സംഘടനകള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. ഈ ഫണ്ട് കൈകാര്യം ചെയ്യാന്‍ എംബസിക്ക് സ്വാതന്ത്യമുണ്ടെന്നും അര്‍ഹര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ഇടപെടണമന്നാവശ്യപ്പെട്ട് ബി.ജെ.പി ഭാരവാഹികള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും ‘സംസ്‌കൃതി’ പ്രസിഡന്റ് സുരേഷ് ബാബു അറിയിച്ചു. പക്ഷാഘാതത്തില്‍ തളര്‍ന്ന തിരുവനന്തപുരം സ്വദേശിക്ക് ടിക്കറ്റിന് അപേക്ഷ നല്‍കാന്‍ എംബസിയില്‍ ചെന്നപ്പോള്‍ സാങ്കേതികത്വം പറഞ്ഞ് അപേക്ഷ പോലും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മുഹമ്മദ് ഷാഫി പറയുന്നു.
ദുരിതത്തിലായ തൊഴിലാളികളെ സഹായിക്കാന്‍ എംബസി തയ്യാറാകാത്തതുകൊണ്ടാണ് സാമൂഹിക സംഘടനകള്‍ ഇതിനായി ഓടേണ്ടി വരുന്നതെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിളള അഭിപ്രായപ്പെട്ടു. ഇത്രയധികം തുക കെട്ടികിടക്കുമ്പോള്‍ ബഹ്‌റൈനില്‍ മരിച്ച പ്രവാസികളുടെ കുടുംബത്തിന് പോലും ഈ ഫണ്ടില്‍ നിന്ന് സഹായം നല്‍കാത്തത് മനുഷ്യത്വ രഹിതമാണെന്ന് ഒ.ഐ.സി.സി. പ്രസിഡന്റ് ബിനു കുന്നന്താനം പറഞ്ഞു. ജോലി നഷ്ടപ്പെട്ടവര്‍ക്കും രോഗം മൂലം കഷ്ടത്തിലായവര്‍ക്കും ഈ ഫണ്ടില്‍ നിന്ന് സഹായം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ആവശ്യപ്പെട്ടു.