മനാമ: ബഹ്‌റൈനിലെ ഏറ്റവും പഴക്കമുള്ള പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ക്ലബിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒഴികാതെ ടീം റിവൈവല്‍ പാനല്‍ തൂത്തുവാരി. രണ്ടു വര്‍ഷം ഇന്ത്യന്‍ ക്ലബിനെ ബിസിനസ് കണ്‍സള്‍ട്ടന്റും സ്‌പോര്‍ട്‌സ് താരവുമായ ക്യാഷ്യസ് പരേര നയിച്ച ടീം റിവൈവല്‍ പാനല്‍ നയിക്കും. 12 അംഗ ഭരണസമിതിയിലേക്ക് ടീം ചലഞ്ചേഴ്‌സ്, ടീം റിവൈവല്‍, ടീം റിനൈസന്‍സ് എന്നിങ്ങനെ മൂന്നു പാനലുകളും സ്വതന്ത്ര സ്ഥാനാര്‍ഥിയുമടക്കം 28 പേരാണ് മത്സരിച്ചത്.

കാഷ്യസ് പെരേര 367 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ എബ്രഹാം ജോണിന് 177 വോട്ടാണ് ലഭിച്ചത്. റിക്‌സണ്‍ റെബെല്ലൊ(റിവൈവല്‍)യാണ് പുതിയ ജനറല്‍ സെക്രട്ടറി. ഇദ്ദേഹത്തിനു 278 വോട്ട് ലഭിച്ചു. എബ്രഹാം ജോണ്‍, എംജെ ജോബ് പാനലായ ദി ചലഞ്ചേഴ്‌സിലെ എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി എം.ആര്‍.നന്ദകുമാര്‍ മാത്രമാണ് ജയിച്ചത്. ഇദ്ദേഹത്തിന് 247 വോട്ട് ലഭിച്ചു. ആര്‍.സ്വാമിനാഥനെയാണ് നന്ദകുമാര്‍ പരാജയപ്പെടുത്തിയത്.

ടീം റിവൈവലിലെ വിജയികളും വോട്ടുനിലയും: തങ്കച്ചന്‍ വിതയത്തില്‍ (വൈസ്.പ്രസി.)-296, വര്‍ഗീസ് സിബി (അസി.ജന.സെക്രട്ടറി)-303, അനില്‍കുമാര്‍ (ട്രഷ.)-381, കെ.പി.രാജന്‍(അസി.ട്രഷ.)-267, സിമിന്‍ ശശി (അസി.എന്ററര്‍ടെയ്ന്‍മെന്റ)-257, ജോസഫ് ജോയ് (ഇന്‍ഡോര്‍ ഗെയിംസ്)-365, വിശ്വാസ് സുബ്രമണ്യ (ക്രിക്കറ്റ്)-300. ഈ പാനലിലെ ഹരി ഉണ്ണിത്താന്‍ (ബാഡ്മിന്റണ്‍), ഡോ.ജോണ്‍ ചാക്കോ (ടെന്നീസ്) എന്നിവര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചലഞ്ചേഴ്‌സിനുപുറമെ റിനൈസന്‍സ് പാനല്‍ എന്ന പേരില്‍ കുര്യന്‍ ജേക്കബ് (വൈ.പ്രസി), അബ്ദുല്ലക്കുട്ടി (അസി. ജന.സെക്ര), ജ്യോതിഷ് കൊയിലാണ്ടി (അസി. ട്രഷറര്‍), ഗോപി നമ്പ്യാര്‍ (എന്റര്‍ടെയ്ന്‍മെന്റ്), ഉമ്മര്‍ കോയില്‍ (അസി. എന്റര്‍ടെയ്ന്‍മെന്റ്) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്റ്റീവന്‍ കൊനാര്‍ഡ് ഫെര്‍ണാണ്ടസും (അസി. ജന. സെക്ര). മത്സരിച്ചിരുന്നു. ആനന്ദ് ലോബോ പ്രസിഡന്റായ കമ്മിറ്റിയാണ് കഴിഞ്ഞ രണ്ടു തവണയായി ക്ലബ് ഭരിക്കുന്നത്. സ്റ്റാലിന്‍ ജോസഫ് ഇലക്ഷന്‍ ഓഫിസറും രാമനുണ്ണി, ദേശികന്‍ സുരേഷ് എന്നിവര്‍ പോളിങ് ഓഫിസര്‍മാരുമായിരുന്നു.

722 വോട്ടര്‍മാരില്‍ മാര്‍ച്ച് 31 വരെയുള്ള വരിസംഖ്യയും അംഗത്വ ഫീസുമെല്ലാം അടച്ച 558 പേര്‍ എലിജിബിലിറ്റി സ്ലിപ്പ് വാങ്ങിയിരുന്നു. 551പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വാര്‍ഷിക പൊതുയോഗം ഒരു മണിക്കൂര്‍ വൈകിയതുകാരണം വോട്ടിങ് 12 നാണ് തുടങ്ങിയത്. വൈകീട്ട് അഞ്ചിന് അവസാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ