മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ വാര്‍ഷിക ‘മെയ് ക്വീന്‍’ സൗന്ദര്യ മത്സരം മെയ് 18 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 16 വയസിനു മുകളില്‍ പ്രായമുള്ള ബഹ്‌റൈനില്‍ താമസക്കാരായ സ്ത്രീകൾക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഴിഞ്ഞ വര്‍ഷം ബഹ്‌റൈന്‍, ഇന്ത്യ, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, റഷ്യ, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, ഇത്യോപ്യ എന്നീ രാജ്യക്കാര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷവും വിവിധ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരൈര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്, സെക്കന്‍ഡ് റണ്ണര്‍ അപ്, മികച്ച പുഞ്ചിരി, ഹെയര്‍ സ്റ്റയില്‍, നടത്തം തുടങ്ങിയവയ്ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടാകും. കാഷ്വല്‍ വെയര്‍ റൗണ്ട്, അതാത് രാജ്യങ്ങളുടെ പരമ്പരാഗത വേഷ റൗണ്ട്, പാര്‍ട്ടി വെയര്‍ളില്‍ യോഗ്യത നേടുന്നവര്‍ക്ക് അവസാന റൗണ്ടിലെ ചോദ്യോത്തര റൗണ്ടില്‍ പങ്കെടുക്കാം. ഇതില്‍ വിജയിക്കുന്നവരാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ ക്ലബ് മെയ് ക്വീന്‍ ആയി തിരഞ്ഞെടുക്കപ്പെടുക.

നൃത്ത സംവിധായകന്‍ കെവിന്‍ ഡി കുന്‍ഹയായിരിക്കും മത്സരാര്‍ത്ഥികളുടെ സ്‌റ്റേജിലെ ചുവടുകളും ചലനങ്ങളും നിര്‍വഹിക്കുക. വിശദ വിവരങ്ങള്‍ക്കും റജിസ്‌ട്രേഷനുമായി ഇന്ത്യന്‍ ക്ലബ് കലാവിഭാഗം സെക്രട്ടറി നന്ദകുമാറി (36433552) നെ ബന്ധപ്പെടാം. ക്ലബ് സെക്രട്ടറി റിക്‌സണ്‍ റിബല്ലോ, നന്ദകുമാര്‍, ഹരി ഉണ്ണിത്താന്‍, തങ്കച്ചന്‍ വിതയത്തില്‍, അനില്‍കുമാര്‍, ശങ്കര്‍ ഭരദ്വാജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ