റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ക്കായി നടപ്പിലാക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അതാത് സമയത്ത് പരാമാവധി ജനങ്ങളിലെത്തിക്കാന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. പൊതുമാപ്പ് സമയത്തുള്‍പ്പെടെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാഫോറം പ്രവര്‍ത്തകര്‍ക്കായി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കഴിയുന്ന ഇന്ത്യക്കാരെ കാണാനും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി സഹായിക്കുന്നതിനുമായി മിക്ക പ്രദേശങ്ങളിലും എംബസിയിലെ സഹപ്രവര്‍ത്തകരോടൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. പലര്‍ക്കും ഇന്ത്യന്‍ എംബസിയുടെ ടോള്‍ ഫ്രീ നമ്പര്‍ പോലും അറിയില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി അംബാസഡര്‍ പറഞ്ഞു. കൂടുതല്‍ ആളുകളിലേക്ക് എംബസിയുടെ ദൈനംദിന നടപടികള്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. അതിനുള്ള ശ്രമങ്ങള്‍ റിയാദിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകണമെന്ന് എംബസി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.

നവംബര്‍ 14 വരെ നീട്ടിയിരിക്കുന്ന പൊതുമാപ്പ് കാലാവധി നിയമലംഘകരായി കഴിയുന്ന മുഴുവന്‍ ഇന്ത്യക്കാരും ഉപയോഗപ്പെടുത്തണം. മൂന്ന് തവണ നീട്ടിയ പൊതുമാപ്പ് ഇനിയും നീട്ടിക്കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ഇതുവരെ 32,896 ഇസി ജിദ്ദയിലും റിയാദിലുമായി അനുവദിച്ചു നല്‍കിയിട്ടുണ്ട്. ഇതില്‍ എത്രപേര്‍ രാജ്യം വിട്ടു എന്ന കണക്ക് ലഭ്യമായിട്ടില്ല എന്നും അഹമ്മദ് ജാവേദ് പറഞ്ഞു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വരാജ്യത്തേക്ക് മടങ്ങിയവരില്‍ ഇന്ത്യക്കാരുടെ എണ്ണം മറ്റുള്ളവരില്‍ നിന്നും കുറവാണെന്നാണ് അറിയാന്‍ സാധിച്ചത്. നിയമലംഘകരായി സൗദി അറേബ്യയിലുള്ള ഇന്ത്യക്കാര്‍ കുറവാണെന്ന കാര്യം ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീട്ടുവേലക്കാരികളായി ഇന്ത്യയില്‍ നിന്നും ഇപ്പോഴും സ്ത്രീകള്‍ എത്തുന്നതായും ഇതില്‍ ഭൂരിഭാഗവും നിയമവിരുദ്ധമാർഗങ്ങളിലൂടെ അനധികൃത റിക്രൂട്ടിങ് വഴിയാണ് സൗദിയില്‍ എത്തുന്നതെന്നും അംബാസഡര്‍ പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവര്‍മാരാണ് ഇതിന് ഇടനിലക്കാരാകുന്നതെന്നാണ് അറിയാന്‍ സാധിച്ചത്. ബോധവത്കരണത്തിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

കോണ്‍സുലര്‍ സേവനങ്ങള്‍ പരമാവധി ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ ഇന്ത്യന്‍ എംബസി സ്വീകരിക്കുന്നുണ്ട്. ജുബൈലില്‍ കഴിഞ്ഞ ദിവസം സ്ഥിരം പാസ്പോര്‍ട്ട് ഔട്ട്സോഴ്സിങ് കേന്ദ്രം നിലവില്‍ വന്നത് അതിന്റെ ഭാഗമാണ്. കൂടാതെ വിവിധ പ്രവിശ്യകളില്‍ മാസത്തില്‍ രണ്ട് തവണ നടത്തിയ കോണ്‍സുലര്‍ സന്ദര്‍ശനം ഇപ്പോള്‍ മാസത്തില്‍ നാല് തവണയായി ഉയര്‍ത്തിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. തസ്കരന്‍മാരുടെ പിടിച്ചുപറിക്കിരയാകുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ വിദേശകാര്യ മന്ത്രാലയം വഴി ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായും അംബാസഡര്‍ അറിയിച്ചു. ചെറിയ പിടിച്ചുപറി സംഭവങ്ങള്‍ പോലും അതത് സമയത്ത് പൊലീസില്‍ അറിയിക്കാന്‍ മുഴുവന്‍ പ്രവാസികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയില്‍ കഴിഞ്ഞവാരം നടന്നതു പോലെ സംസ്ഥാനതലത്തില്‍ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനെക്കുറിച്ച് ഇന്ത്യന്‍ എംബസിയും ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിന്റെ നിയമവശങ്ങള്‍ പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് റിയാദിലും ഇതിനുള്ള വേദിയൊരുക്കുമെന്ന് അംബാസഡര്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. സന്നദ്ധസേവനം നടത്തുന്ന വോളന്റിയര്‍മാര്‍ക്കിടയിലെ തട്ടിപ്പുകാരെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങളെ അംബാസഡര്‍ അഭിനന്ദിച്ചു. ഇത്തരക്കാരെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ എംബസി ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരിക്കുമെന്നും അഹമ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യന്‍ എംബസി സാമൂഹ്യക്ഷേമ വിഭാഗം തലവന്‍ അനില്‍ നോട്ടിയാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ