റിയാദ് : സൗദി അറേബ്യയിലെ കിഴക്കൻപ്രവിശ്യയായ ഖഫ്ജിൽ ഇന്ത്യൻ അംബാസഡർ അഹമമ്മദ് ജാവേദിന് കഫ്ജി ഗവർണർ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഹസ്സയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അംബാസഡർ ഗവർണറുമായി കൂടികാഴ്ച നടത്തി. സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇന്ത്യക്കാരുടെ സംഭവനയെ കുറിച്ചും സൗദി അറേബ്യയും ഇന്ത്യയുമായുള്ള പുതിയ പദ്ധതികളും കരാറുകളും ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യൻ സമൂഹത്തിന് ഖഫ്ജിൽ കിട്ടുന്ന സഹായത്തിനും സേവനത്തിനും ഗവർണർക്കും മറ്റ് സർക്കാർ പ്രതിനിധികൾക്കും അംബാസഡർ പ്രത്യേകം നന്ദി അറിയിച്ചു. അടുത്ത മാസം നടക്കുന്ന ഖഫ്ജി ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവർണർ അംബാസഡറെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. സൗദി ടൂറിസ്‌റ്റ് ഗൈഡ് അസോസിയേഷൻ പ്രസിഡന്റും ഖഫ്ജി ഫെസ്റ്റിവൽ എക്സികുട്ടീവ് ഡയറക്ടറുമായ സാത്താം അഹമ്മദ് അൽ ബാലവിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ സമൂഹവുമായി സംവദിക്കാൻ ഖഫ്ജിലെത്തുന്ന ആദ്യ അംബാസഡർ എന്ന പ്രത്യേകത കൂടിയുണ്ട് ഈ സന്ദർശനത്തിന്. ഫസ്റ്റ് സെക്രട്ടറി അനിൽ നോട്ടിയാൽ അദ്ദേഹത്തെടൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ എംബസി ഖഫ്ജി ഹെൽപ്പ് ഡെസ്ക് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.