ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് മെയ് 14 വരെ നീട്ടി യുഎഇ. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ പത്തു ദിവസത്തേക്ക് പ്രഖ്യാപിച്ച വിലക്കാണ് മെയ് 14 വരെ നീട്ടിയത്. ഈ കാലയളവിൽ 14 ദിവസം ഇന്ത്യയിൽ തങ്ങിയ ഒരു യാത്രക്കാരെയും യുഎഇയിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
യുഎഇ യാത്രാവിലക്ക് നീട്ടിയത് സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻസ് വിമാന കമ്പനി സ്ഥിരീകരിച്ചു. എമിറേറ്റ്സ് സപ്പോർട്ട് എന്ന ട്വിറ്റർ പേജിൽ വന്ന ചോദ്യങ്ങൾക്ക് മറുപടിയായാണ് കമ്പനി വിലക്ക് നീട്ടിയതായി പറഞ്ഞത്. ഇത് സംബന്ധിച്ച ഉത്തരവ് വിമാന കമ്പനികൾ ഉടൻ തന്നെ അവരുടെ വെബ്‌സൈറ്റിൽ നൽകുമെന്ന് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Read Also: യുഎഇ യാത്രാവിലക്ക്: എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനഃക്രമീകരിച്ചു
ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കും എന്നായിരുന്നു വിലക്കേർപ്പെടുത്തിയ അവസരത്തിൽ യുഎഇ അറിയിച്ചത്.
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഇരു കൂട്ടരെയും യുഎഇയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്തിലധികം രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയത്. അവസാനമായി ഓസ്ട്രേലിയ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം ഇന്ത്യയിലെ കോവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുകയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.79 ലക്ഷം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.8 കോടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,645 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്