India-UAE Flight News: കൊച്ചി: ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍നിന്നുള്ള റെസിഡന്റ് വിസയുള്ളവര്‍ക്കു യുഎഇ ഇന്ന് മുതല്‍ പ്രവേശനം. യാത്ര വിലക്ക് മാറിയ സാഹചര്യത്തില്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബജറ്റ് വിമാനക്കമ്പനികളായ എയര്‍ അറേബ്യ, ഫ്ലൈ ദുബായ്, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയാണ് യുഎഇയിലേക്കു പുതുതായി ബുക്കിങ് ആരംഭിച്ചത്. എത്തിഹാദും എമിറേറ്റ്‌സ് ഇന്നലെ ബുക്കിങ് ആരംഭിച്ചിരുന്നു.
എയര്‍ അറേബ്യയുടെ ഓഗസ്റ്റ് അഞ്ചു മുതലുള്ള ടിക്കറ്റുകളാണ് ലഭ്യമാകുക. 22,262 രൂപയാണ് കൊച്ചിയില്‍നിന്ന് ഷാര്‍ജയിലേക്കുള്ള ഈ മാസത്തെ നിരക്കായി വെബ്‌സൈറ്റില്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെയുള്ള മിക്കവാറും ദിവസങ്ങളില്‍ 18,655 രൂപയും തുടര്‍ന്ന് 30 വരെ 8,628 യുമാണ് നിലവില്‍ കാണിക്കുന്ന ടിക്കറ്റ് നിരക്ക്.
ഓഗസ്റ്റ് ഏഴു മുതലാണു ഫ്‌ളൈ ദുബായ് വെബ്‌സൈറ്റില്‍ ടിക്കറ്റ് ലഭ്യത കാണിക്കുന്നത്. ദുബായിലേക്ക് 28,471 രൂപയാണ് ആദ്യ രണ്ടു ദിവസങ്ങളിലെ കുറഞ്ഞ നിരക്ക്. തുടര്‍ന്ന് സെപ്റ്റംബര്‍ 15 വരെ 250,90 രൂപയായും അതിനുശേഷം 30 വരെ 15,514 രൂപയും നിരക്ക് കുറയും.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഓഗസ്റ്റ് ആറു മുതലാണു ദുബായിലേക്കു ടിക്കറ്റ് ലഭ്യത കാണിക്കുന്നത്. 20,530 രൂപയാണു ഏറ്റവും കുറഞ്ഞ നിരക്ക്. മാസാവസാനത്തോടെ 16,225 രൂപയും സെപ്റ്റംബര്‍ പതിനഞ്ച് മുതല്‍ 30 വരെ പതിനായിരം രൂപയ്ക്കു തൊട്ടു മുകളിലുമാണ് നിരക്ക്. ഇതിനിടെ പല ദിവസങ്ങളിലും ഫ്ലൈറ്റുകള്‍ ലഭ്യമല്ലെന്നോ ടിക്കറ്റ് വിറ്റുതീര്‍ന്നതായോ ആണ് വെബ്‌സൈറ്റില്‍ കാണുന്നത്.
അബുദാബി ആസ്ഥാനമായ എത്തിഹാദ് എയര്‍വെയ്‌സ് ഓഗസ്റ്റ് 18 മുതലുള്ള ടിക്കറ്റുകളാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. കൊച്ചിയില്‍നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും ഇക്കണോമി ക്ലാസിനു 18,19 തിയതികളില്‍ 70,684 രൂപയും 20,21,22 തിയതികളില്‍ 71,860 രൂപയും 25 മുതല്‍ 30 വരെ 51,878 രൂപയുമാണ് നിലവില്‍ വെബ്‌സൈറ്റില്‍ കാണിക്കുന്ന നിരക്ക്. സെപ്റ്റംബര്‍ ആദ്യവാരം അന്‍പതിനായിരത്തിനു താഴെയും അവസാനം പതിനായിരത്തിനും താഴെയും തൊട്ടുമുകളിലുമായി ടികറ്റ് നിരക്ക് എത്തുന്നുണ്ട്.
എമിറേറ്റ്‌സ് ഓഗസ്റ്റ് ഒന്‍പതു മുതലാണു ടിക്കറ്റ് ബുക്കിങ് കാണിക്കുന്നത്. ഒന്‍പത്, 10,11 തിയതികളില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിന് 1,31,120 രൂപയാണു നിരക്ക്. ലക്ഷങ്ങളാണു 15ന്് 92,749 രൂപയും 16നു 89,837 രൂപയിലുമെത്തുന്ന നിരക്ക് 23 മുതല്‍ 25 വരെ വീണ്ടും ഒരു ലക്ഷം കടക്കും. 26നു 61,750 രൂപയിലെത്തി മാസാവസനാത്തോടെ മുപ്പതിനായിരത്തിനു താഴെയായും സെപ്റ്റംബര്‍ 20 മുതല്‍ പതിനായിരത്തിനു താഴെയായും ടിക്കറ്റ് വില കുറയുന്നുണ്ട്.
Also Read:India UAE Flight News: യുഎഇ യാത്രാവിലക്ക് ഇളവ്: എമിറേറ്റ്സും എത്തിഹാദും ടിക്കറ്റ് ബുക്കിങ് തുടങ്ങി
യുഎഇയില്‍നിന്ന് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്ത റെസിഡന്റ് വിസയുള്ള ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഓഗസ്റ്റ് അഞ്ചു മുതല്‍ യുഎഇ പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്കാണ് നീങ്ങിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വാക്‌സിന്‍ എടുക്കാത്തവര്‍ക്കും നാളെ മുതല്‍ തിരിച്ചുപോകാന്‍ കഴിയും.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുഎഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.
ഈ വിഭാഗത്തിലുള്ളവുടെ കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളില്‍ നേടിയ പിസിആര്‍ നെഗറ്റീവ് പരിശോധനഫലമുണ്ടാകണം. ഇതുകൂടാതെ വിമാനത്തില്‍ കയറുന്നതിനു മുന്‍പായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിര്‍ദേശിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും യുഎഇയില്‍ എത്തിയശേഷം പിസിആര്‍ ടെസ്റ്റിനു വിധേയമാകുകയും 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം.
യാത്രാനുമതിയ്ക്കായി ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവയുടെ വെബ്‌സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇ നാളെ മുതല്‍ പ്രവേശനം അനുവദിക്കും. ഇത്തരം യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ പരിധിയുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം.
പോകേണ്ട രാജ്യത്തെ നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കണം യാത്ര ക്രമീകരിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് വിമാനക്കമ്പനികളുടെ ബാധ്യത.
Also Read: India UAE Flight News: യുഎഇ യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം